ട്രംപിന്റെ തീരുവ മോദിയുടെ തെറ്റായ വിദേശനയത്തിന്റെ ഫലം, കർഷകരുടെ നടുവൊടിക്കുന്നത്: സണ്ണി ജോസഫ്
തിരുവനന്തപുരം: ഇന്ത്യയുടെ മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 25 ശതമാനം പുതിയ തീരുവ കാർഷിക കേരളത്തിന്റെ നടുവൊടിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. അമേരിക്കൻ തീരുവ നയത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് ഒൻപതിന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡിസിസികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെറ്റായ വിദേശനയത്തിന്റെ ഫലമായാണ് ഈ സാഹചര്യം ഉണ്ടായത്. രാജ്യത്തെ ആകെ ബാധിക്കുന്ന അമേരിക്കൻ തീരുവ കേരളത്തിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
യൂറോപ്യൻ യൂണിയൻ ഉപരോധങ്ങളും യുഎസിന്റെ പിഴ ഭീഷണികളും ഡിമാൻഡ് ഇടിയുന്നതിന് കാരണമായതോടെ ഇന്ത്യക്കാർക്ക് റഷ്യൻ ക്രൂഡ് ഓയിൽ വിലകുറച്ച് വിൽക്കുന്നതായി ഇതിനിടെ വിവരം പുറത്തുവന്നിട്ടുണ്ട്. ഡാറ്റ ഇന്റലിജൻസ് സ്ഥാപനമായ കെപ്ളർ ലിമിറ്റഡ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.