ഡ്രൈഫ്രൂട്ട്സ് രുചിപ്പെരുമയിൽ കുന്നുകര സഹകരണ ബാങ്ക്

Saturday 09 August 2025 12:14 AM IST

കൊച്ചി: സഹകരണത്തിന്റെ മധുരക്കനിയായി കുന്നുകരയുടെ സ്വന്തം 'ചിപ്പ് കോ-ഓപ്പ്' നാടൻ ഡ്രൈഫ്രൂട്ട്സ്. കുന്നുകര സർവീസ് സഹകരണ ബാങ്കാണ് സഹകാരി കർഷകർക്ക് കൈത്താങ്ങായി ചക്ക, ഏത്തയ്ക്ക, കൈതച്ചക്ക, പപ്പായ, മത്തങ്ങ, കടച്ചക്ക തുടങ്ങിയവ രുചി നഷ്ടപ്പെടാതെ ഉണക്കി വിപണിയിലിറക്കിയത്.

ബാങ്കിന്റെ സഹകാരികളിൽ ഏറെയും ഏത്തവാഴ കർഷകരാണ്. 2018ലെ പ്രളയത്തിൽ വാഴകൃഷി വ്യാപകമായി നശിച്ചപ്പോൾ കർഷകർ പ്രതിസന്ധിയിലായി. ഇവർക്ക് തുണയേകാൻ വിളകൾ വിപണിവിലയേക്കാൾ കിലോയ്‌ക്ക് 2രൂപ അധികം നൽകി ബാങ്ക് നേരിട്ട് സംഭരിച്ചു. ഇതോടെ ഉന്മേഷത്തിലായ കർഷകർ കൂടുതൽ വിളവ് എത്തിക്കാൻ തുടങ്ങിയപ്പോൾ ബാങ്കും പ്രതിസന്ധിയിലായി. അങ്ങനെയാണ് നബാർഡിന്റെ അഗ്രികൾച്ചറൽ ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ടിൽ നിന്ന് 2കോടി കടമെടുത്ത് ഏത്തപ്പഴത്തിന്റെ മൂല്യവർദ്ധിത ഉത്പ്പന്നവുമായി 'ചിപ്പ് കോ-ഓപ്പ്' യൂണിറ്റ് ആരംഭിച്ചത്.

വിദേശസാങ്കേതിക വിദ്യയിലുള്ള ഡ്രയർ ഉപയോഗിച്ച് ഏത്തപ്പഴത്തിന്റെ ജലാംശം വറ്റിച്ച് പ്രത്യേക ചൂടിൽ ഉണക്കി പാക്ക് ചെയ്ത് സഹകരണ സൂപ്പർമാർക്കറ്റുകൾ വഴി വിപണിയിൽ എത്തിച്ചു. പദ്ധതി വൻ വിജയമായതോടെ സീസണും ലഭ്യതയും അനുസരിച്ച് മറ്റ് പഴവർഗങ്ങളും പരീക്ഷിച്ചു. പഴുത്ത വരിക്കച്ചക്കച്ചുള നിറവും മണവും രുചിയും നിലനിറുത്തി ആറ് മാസംവരെ സൂക്ഷിച്ചുവയ്ക്കാവുന്ന രീതിയിലാണ് ഉണക്കിയെടുക്കുന്നത്. ജില്ലയിൽ സുലഭമായ കൈതച്ചക്ക, കടച്ചക്ക, മത്തങ്ങ എന്നിവയും ചിപ്പ് കോ-ഓപ്പ് ബ്രാൻഡിൽ ഡ്രൈഫ്രൂട്ട് വിപണിയിലെത്തിച്ചു. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ലെയ്സ് രൂപത്തിൽ കപ്പ, ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവയുമുണ്ട്. കൃത്രിമമായി മധുരമോ നിറമോ ചേർക്കാതെയാണ് ചിപ്പ് കോ-ഓപ്പ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. കയറ്റുമതി അന്വേഷണങ്ങളുമുണ്ട്. ചർച്ചകൾ പുരോഗമിക്കുകയാണ്.

''കുന്നുകര ഗ്രാമപഞ്ചായത്തിലെ 300 കർഷകരാണ് പദ്ധതിയുടെ നിലവിലെ ഗുണഭോക്താക്കൾ. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ കളമശേരി മണ്ഡലത്തിൽ നടക്കുന്ന 'കൃഷിക്കൊപ്പം കളമശേരി" പദ്ധതിയിലെ കർഷകരെക്കൂടി ഉൾപ്പെടുത്തി യൂണിറ്റ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്''

വി.എസ്. വേണു ബാങ്ക് പ്രസിഡന്റ്,

കെ.എസ്. ഷിയാസ് സെക്രട്ടറി