പച്ചക്കറി കൃഷിക്ക് തുടക്കം

Friday 08 August 2025 6:57 PM IST

കൊച്ചി: എറണാകുളം ഗവൺമെന്റ് ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പച്ചക്കറി കൃഷി തുടങ്ങി. കൊച്ചിൻ കോർപ്പറേഷൻ, ഹരിതകേരളം മിഷൻ, യു.പി സ്‌കൂൾ പി.ടി.എ, എളമക്കര ഭവൻസ് വിദ്യാമന്ദിർ എന്നിവയാണ് ആവശ്യമായ സഹായങ്ങൾ നൽകുന്നത്.

ഭാവൻസ് വിദ്യാമന്ദിറിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കരിയിലകൾ ഉപയോഗിച്ച് ഉത്പാദിപ്പിച്ച വളമാണ് ഗേൾസ് സ്കൂളിലെ കൃഷിക്ക് നൽകുന്നത്. ചെടിച്ചട്ടികളും മണ്ണും പി.ടി.എയുടെ നേതൃത്വത്തിൽ ഒരുക്കിയപ്പോൾ പച്ചക്കറിത്തൈകൾ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ലഭ്യമാക്കി. ഡിവിഷൻ കൗൺസിലർ പത്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.സി. സജി അദ്ധ്യക്ഷതവഹിച്ചു.