ഈ ഗള്‍ഫ് രാജ്യത്തിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം; പിഴയും തടവ് ശിക്ഷയും വരെ കിട്ടാം

Friday 08 August 2025 7:42 PM IST

ദുബായ്: പ്രവാസി സമൂഹം ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ദിവസേന നിരവധി ആളുകളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ യാത്ര ചെയ്യുന്നത്. പ്രവാസികളില്‍ നല്ലൊരു വിഭാഗത്തിനും അറിയാവുന്ന കാര്യമാണെങ്കിലും യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രധാനമായ ഒരു നിയമത്തെക്കുറിച്ച് പലര്‍ക്കും വലിയ പിടിപാടില്ല.

യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോള്‍ കൈവശമുള്ള സ്വര്‍ണം, പണം, വിലപിടിപ്പുള്ള കല്ലുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എത്ര അളവ് വരെ സൂക്ഷിക്കാമെന്നതാണിത്. മേല്‍പ്പറഞ്ഞ സാധനങ്ങളുടെ മൂല്യം 60,000 ദിര്‍ഹം അഥവാ 14.31 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ ആണെങ്കില്‍ പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. 14.31 ലക്ഷത്തിന് മുകളിലാണ് മൂല്യമെങ്കില്‍ ഇക്കാര്യം ഉറപ്പായും വിമാനത്താവളത്തില്‍ വെളിപ്പെടുത്തിയിരിക്കണം. യുഎഇയിലെ ഔദ്യോഗിക ഓണ്‍ലൈന്‍ വെബ്‌സൈറ്റായ അഫ്‌സേയില്‍ ഇതിനുള്ള സംവിധാനമുണ്ട്.

18 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരാണ് വിലപിടിപ്പുള്ള സാധനങ്ങളുടെ പട്ടിക വിമാനത്താവളത്തില്‍ വെളിപ്പെടുത്തേണ്ടത്. പണം, ചെക്ക്, സ്വകാര്യ വസ്തുക്കള്‍, ആഭരണങ്ങള്‍, വില പിടിപ്പുള്ള കല്ലുകള്‍ എന്നിവയുടെ ആകെ മൂല്യം 60,000 ദിര്‍ഹത്തില്‍ കൂടുതലാണെങ്കില്‍ ഇക്കാര്യം ഉറപ്പായും വെളിപ്പെടുത്തിയിരിക്കണം. 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് വേണമങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ മൂല്യമുള്ള വസ്തുക്കള്‍ കൈവശം കരുതാം. എന്നാല്‍ ഈ സാഹചര്യത്തില്‍ നിയമാനുസൃത രക്ഷകര്‍ത്താവ് നിര്‍ബന്ധമായും വെളിപ്പെടുത്തല്‍ നടത്തിയിരിക്കണം.

നിലവില്‍ അഫ്സേ പോര്‍ട്ടല്‍ ഉപയോഗിക്കാനുള്ള സൗകര്യം അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ്. 60,000 ദിര്‍ഹത്തിന് മുകളില്‍ മൂല്യമുള്ള ഇത്തരം വസ്തുക്കള്‍ക്ക് നികുതി അടക്കേണ്ടി വരും. ചിലപ്പോള്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയും വേണ്ടി വരും. എന്നാല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ വെളിപ്പെടുത്താത്ത യാത്രക്കാരനില്‍ നിന്നും ഇത്തരം വസ്തുക്കള്‍ പിടിക്കപ്പെട്ടാല്‍ ചിലപ്പോള്‍ പിഴയോ തടവ് ശിക്ഷയോ വിധിക്കപ്പെടാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റകൃത്യം കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിലാകും ശിക്ഷ വിധിക്കുക.