അനധികൃതമായി അലവൻസ് കൈപ്പറ്റി: 63,191രൂപ പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി തിരിച്ചടക്കണം
നെടുമ്പാശേരി: അനധികൃതമായി വീട്ടുവാടക കൈപ്പറ്റിയ പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് പണം തിരിച്ചടക്കാൻ നിർദ്ദേശം. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. ശ്രീരാഗിനോടാണ് അനധികൃതമായി കൈപ്പറ്റിയതുക തിരിച്ചടയ്ക്കാൻ അങ്കമാലി നഗരസഭാ സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടത്.
2022 സെപ്തംബർ 12 മുതൽ 2023 ഒക്ടോബർ 31 വരെ അങ്കമാലി നഗരസഭ സെക്രട്ടറിയായിരുന്നപ്പോൾ സർക്കാർ ക്വാർട്ടേഴ്‌സിൽ താമസിച്ചിട്ടും വീട്ടുവാടക അലവൻസ് കൈപ്പറ്റിയതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഹൗസ് റെന്റ് അലവൻസ് (എച്ച്.ആർ.എ) ആയ 47,393രൂപ കൈപ്പറ്റുകയും ക്വാർട്ടേഴ്‌സ് ഉപയോഗിക്കുമ്പോൾ സർക്കാരിലേക്ക് നൽകേണ്ട 15798 രൂപ അടയ്ക്കുകയും ചെയ്തിട്ടില്ലെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ആകെ 63191 രൂപയാണ് തിരിച്ചടക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഓഫീസ് തലവൻ കൂടിയായ സെക്രട്ടറിക്ക് ഇക്കാര്യത്തിൽ ഗുരുതരവീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ. ക്വാർട്ടേഴ്‌സ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ സ്വന്തംനിലയിലാണ് ഒരുക്കേണ്ടത്. എന്നാൽ ഗ്യാസ് കണക്ഷൻ എടുക്കുന്നതിനും ബെഡ്ഡുകൾ വാങ്ങുന്നതിനും മറ്റുമായി 18,814രൂപ നഗരസഭാ ഫണ്ടിൽ ചെലവാക്കിയതായും കണ്ടെത്തിയെങ്കിലും ഈ തുക തിരിച്ചടക്കാൻ നിർദ്ദേശിച്ചിട്ടില്ല. തിരിച്ചടക്കേണ്ട തുകയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കിയിട്ടുമുണ്ട്.