 മീൻ വരവിൽ മാന്ദ്യം കടലിലില്ല, 'കിളി' പോലും

Saturday 09 August 2025 12:34 AM IST

കൊച്ചി: 52 ദിവസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ 'വല നിറയെ മീൻ' എന്ന പതിവ് കീഴ്‌മേൽ മറിഞ്ഞതോടെ തീരദേശമേഖല ആശങ്കയിൽ. സാധാരണയായി സമൃദ്ധമായി ലഭിക്കാറുള്ള കിളിമീൻ, വേളൂരി, പല്ലിക്കോര, മത്തി, അയല, നത്തോലി, ചെമ്മീൻ, കണവ തുടങ്ങിയവ കാര്യമായി ലഭിക്കുന്നില്ല. കാലാവസ്ഥ ഇത്തവണ അനുകൂലമായിരുന്നതിനാൽ മത്സ്യലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, വറുതിക്കാലത്തെ കടബാദ്ധ്യതകൾ തീർക്കാനുള്ള വരുമാനം പോലും ലഭിക്കുമോയെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.

ആലപ്പുഴയിലെ പുറക്കാട് മുതൽ കക്കാട് വരെ കഴിഞ്ഞ ദിവസം ചാകരയുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര മീൻ കിട്ടിയില്ല. കൊല്ലം നീണ്ടകരയിൽ കരിക്കാടി ചെമ്മീനും കാര്യമായി ലഭിച്ചില്ല. കുറഞ്ഞ വിലയ്ക്ക് മീൻ വാങ്ങാമെന്ന് പ്രതീക്ഷിച്ചിരുന്ന സാധാരണക്കാരും നിരാശയിലാണ്. ഇപ്പോൾ കിളിമീൻ ലഭ്യത കുറഞ്ഞു, വലിപ്പവും. തീരക്കടലിലെ പലയിനങ്ങളും കാണാനില്ല.

ചൂട് കൂടി, മത്സ്യങ്ങൾ പിൻവാങ്ങി

ആഗോളതാപനത്തിനു പുറമേ, 'എൽനിനോ" പ്രതിഭാസവും അറബിക്കടലിനെ ചൂടുപിടിപ്പിക്കുന്നത് ഉപരിതല മത്സ്യങ്ങളുടെ ഉത്പാദനത്തെ ബാധിക്കുന്നു. കേരളത്തിൽ 2015-16ലും 2019ലും മത്തി ലഭ്യത കുറയാനിത് കാരണമായി. കേരളത്തിലെ മത്തി ഉത്പാദനത്തിൽ തീരക്കടലിലെ 'അപ് വെല്ലിംഗ്" പ്രധാന പങ്ക് വഹിക്കുന്നു. അടിത്തട്ടിലെ പോഷകസമ്പന്നമായ ജലം മുകൾപ്പരപ്പിലെത്തുന്നതാണിത്. ഇത് സൂര്യപ്രകാശവുമായി പ്രവർത്തിച്ചു രൂപപ്പെടുന്ന സസ്യ-ജന്തു പ്ലവകങ്ങൾ മത്സ്യങ്ങളുടെ ഇഷ്ട ഭക്ഷണമായതിനാൽ വിവിധ ഇനം മത്സ്യങ്ങൾ കൂട്ടത്തോടെ തീരക്കടലിൽ എത്തുമായിരുന്നു. കാലാവസ്ഥാ വ്യതിയാനം അപ്‌വെല്ലിംഗിനെ ബാധിച്ചു.

ട്രോൾ നെറ്റുമായി കൂറ്റൻ വള്ളങ്ങൾ

ബോട്ടുകൾക്കു വിലക്കുള്ള ട്രോളിംഗ് നിരോധനകാലത്ത് ബോട്ടിനെക്കാൾ വലിപ്പമുള്ള വള്ളങ്ങളിൽ ട്രോൾനെറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം വ്യാപകമായി നടന്നെന്നാണ് റിപ്പോർട്ട്. രണ്ടു വള്ളക്കാർ ചേർന്നും ട്രോൾനെറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തി. ബാഗ് പോലുള്ള വല കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കുന്നു. ഇതോടെ മത്സ്യസമ്പത്ത് കുറയുന്നു. ജൂൺ പത്തു മുതൽ ജൂലായ് 31 വരെ ഏർപ്പെടുത്തിയ ട്രോളിംഗ് നിരോധനത്തിൽ പലയിനങ്ങളും സുലഭമായിരുന്നതിനു കാരണമിതാണ്. നിരോധനകാലത്ത് ഉപരിതല മത്സ്യങ്ങൾ പിടിക്കാൻ അനുവാദമുള്ള ചെറിയ, പരമ്പരാഗത വള്ളക്കാർക്ക് ഇതിന്റെ ഗുണം കിട്ടിയതുമില്ല. നിരോധനം കർക്കശനമാക്കിയാൽ ഇപ്പോഴത്തെ സാഹചര്യത്തിന് വലിയ മാറ്റമുണ്ടാകുമെന്ന് മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചിട്ടുണ്ട്.

ചാൾസ് ജോർജ്

സംസ്ഥാന പ്രസിഡന്റ്

കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)

മത്സ്യസംരക്ഷണത്തിനു ശാസ്ത്രീയ നടപടികൾ സ്വീകരിക്കുകയും നിയമം കർശനമായി നടപ്പാക്കുകയും വേണം. പലയിനങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്.

പ്രൊഫ. ഡോ. എം.കെ. സജീവൻ, കുഫോസ് ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് വകുപ്പ് മേധാവി, ഫാക്കറ്റി ഒഫ് ഫിഷറീസ് എൻജിനീയറിംഗ് ഡിൻ ഇൻ ചാർജ്