പാലക്കാട് ജില്ലാ ആശുപത്രിക്ക് സെപ്തംബറോടെ പുതിയമുഖം
പാലക്കാട്: ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം സെപ്തംബറോടെ പൂർത്തിയാകും. കിഫ്ബിയുടെ 126 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങുന്നത്. 99 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. 1,85,000 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ച് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. 2023ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
വിശാലമായ ഒ.പി വിഭാഗം, ഫാർമസി, സ്ത്രീ - പുരുഷ വാർഡുകൾ, അത്യാധുനിക ലാബോറട്ടറി സൗകര്യങ്ങൾ, തീവ്രപരിചരണ വിഭാഗം, വിപുലമായ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് എന്നിവ പുതിയകെട്ടിടത്തിൽ സജ്ജീകരിക്കുന്നുണ്ട്. രോഗികൾക്കും സന്ദർശകർക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ ലിഫ്റ്റ്, റാമ്പ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. നിലവിൽ, കെട്ടിടത്തിന്റെ പ്ലംബിംഗ്, ഇലക്ട്രിക്കൽ, വയറിംഗ്, ഫയർ ആൻഡ് സേഫ്റ്റി, സെൻട്രലൈസ്ഡ് ഓക്സിജൻ ലൈൻ സ്ഥാപിക്കൽ, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ പ്രവർത്തന ജോലികൾ പുരോഗമിക്കുകയാണ്.