180 കി.മീ കൂടി പ്രതിരോധ വേലി സ്ഥാപിക്കാൻ വനംവകുപ്പ്
നെന്മാറ: മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി പാലക്കാട് ജില്ലയിൽ 180 കി.മീ ദൂരം കൂടി പ്രതിരോധ വേലി സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. പ്രതിരോധ വേലി നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഇതോടു കൂടി ജില്ലയിലെ മനുഷ്യ - വന്യജീവി സംഘർഷത്തിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. വനംവന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നെന്മാറ - നെല്ലിയാമ്പതി ഫ്ളയിംഗ് സ്‌ക്വാഡ് ഓഫീസ് പരിസരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രതിരോധ വേലി നിർമ്മിക്കുക. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മാസംതോറും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗം ചേരും. കഴിഞ്ഞ നാലുവർഷത്തിനിടെ വനംവകുപ്പിന് ജനകീയ മുഖം കൈവരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. നബാർഡ് പദ്ധതിയിൽ നടപ്പാക്കിയിട്ടുള്ള ആലത്തൂർ റെയിഞ്ച് ഓഫീസ് കോംപ്ലക്സ്, നെല്ലിയാമ്പതി ഫ്ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസ് കോംപ്ലക്സ്, മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി നെന്മാറ, ആലത്തൂർ എന്നീ നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിർമ്മിച്ച 36 കി.മീ സൗരോർജ്ജ തൂക്കുവേലി, ഇക്കോ ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സീതാർകുണ്ട് ഇക്കോ ടൂറിസം സെന്ററിൽ നിർമ്മിച്ച ടിക്കറ്റ് കൗണ്ടർ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, നെന്മാറ, അയിലൂർ, കൊല്ലങ്കോട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രബിത ജയൻ, എസ്.വിഘ്‌നേഷ്, കെ.സത്യപാൽ, നെന്മാറ പഞ്ചായത്തംഗം എ.രാധാകൃഷ്ണൻ, പാലക്കാട് ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയനന്ദൻ, ഐ ആന്റ് ഇ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആർ. കീർത്തി, നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.പ്രവീൺ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ എന്നിവർ പങ്കെടുത്തു.