ബ്രഹ്മോസ് ഉപകേന്ദ്രം നിലനിറുത്തണം:മുഖ്യമന്ത്രി

Saturday 09 August 2025 12:00 AM IST

തിരുവനന്തപുരം: ബ്രഹ്മോസ് മിസൈൽ നിർമ്മാണത്തിനുള്ള സംസ്ഥാനത്തെ ഉപകേന്ദ്രം നിലനിറുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് കത്തെഴുതി.

തിരുവനന്തപുരത്തുള്ള ബ്രഹ്മോസ് എയ്റോ സ്പേസിനെ മാതൃ കമ്പനിയായ ബ്രഹ്മോസ് എയ്റോ സ്‌പേസിൽ നിന്ന് വേർപെടുത്താൻ പ്രതിരോധമന്ത്രാലയം നടപടികൾ ആരംഭിച്ചെന്ന വിവരം പുറത്തു വന്ന സാഹചര്യത്തിലാണിത്. സംസ്ഥാന സർക്കാറിന്റെ നിർണായക പങ്കാളിത്തത്തിലാണ് സ്ഥാപനം ആരംഭിച്ചതെന്നത് പരിഗണിക്കണം. ഐ.എസ്.ആർ.ഒയടക്കം തിരുവനന്തപുരത്തുള്ള മറ്റ് സ്ഥാപനങ്ങൾക്കും ബ്രഹ്മോസ് ഉപകേന്ദ്രം സഹായകരമാണ്. കേന്ദ്ര നീക്കം തൊഴിലാളികൾക്ക് പ്രതിസന്ധിയുണ്ടാക്കും. ഓപ്പറേഷൻ സിന്ദൂറിലുൾപ്പെടെ ബ്രഹ്മോസ് മിസൈലുകളുടെ മികവു തെളിയിക്കപ്പെട്ടപ്പോഴാണ് നിർണായക ഘടകങ്ങൾ നിർമ്മിക്കുന്ന ഉപകേന്ദ്രത്തെ പ്രതിരോധ വകുപ്പ് കൈവിടാനൊരുങ്ങുന്നത്. ഇതിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.