സഹ.സംഘങ്ങൾ ബാങ്കായി വിലസരുത്:റിസർവ് ബാങ്ക് #പരസ്യം നൽകി മുന്നറിയിപ്പ്
തിരുവനന്തപുരം: സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കുന്നതിനെതിരെ റിസർവ് ബാങ്ക് പത്രപരസ്യം വഴി മുന്നറിയിപ്പ് നൽകി.
1949ലെ ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ളവയെ മാത്രമാണ് ബാങ്കുകളായി പരിഗണിക്കുക. 2020ലെ ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി നിയമപ്രകാരം സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്നീ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല.
ഇത് ലംഘിച്ച് ചില സഹ.സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കുന്നതായും അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടുവെന്നാണ് റിസർവ് ബാങ്ക് പറയുന്നത്.
2020ലെ നിയമം പ്രാബല്യത്തിൽ വന്നിട്ടും സഹകരണ സംഘങ്ങൾ ബാങ്കുകളെന്ന പേരിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആർ.ബി.ഐ വീണ്ടും പരസ്യത്തിലൂടെ നിലപാട് വ്യക്തമാക്കിയത്. ഓരോ ആറുമാസത്തിലും ഇത്തരം പരസ്യങ്ങൾ ആർ.ബി.ഐ.നൽകാറുമുണ്ട്.
സഹകരണ മേഖല സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്നതിനാൽ, പേരുമാറ്റം അടക്കം അതുമായി ബന്ധപ്പെട്ടതെല്ലാം സംസ്ഥാന സർക്കാരാണ് തീരുമാനിക്കേണ്ടത്.
കേരളത്തിൽ ഈ നിയമം നടപ്പാക്കിയിട്ടില്ല.
അതേസമയം, പല സഹകരണ സംഘങ്ങളും പേര് മാറ്റാൻസന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബൈലോയിലും ബാങ്ക്എന്നത് ഒഴിവാക്കി. എന്നാൽ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടില്ല. അതാണ് പേര് മാറ്റാൻ തടസ്സം.
സംഘങ്ങൾക്ക് ബാങ്കിങ്ങിന് ആർ.ബി.ഐ ലൈസൻസ് നൽകിയിട്ടില്ല. ഇതുകാരണം, ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ(ഡി.ഐ.സി.ജി.സി) വഴി നൽകുന്ന ഇൻഷ്വറൻസ് പരിരക്ഷ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭിക്കില്ല. ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപവരെ ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നുണ്ട്.
ബാങ്കെന്ന പേരുമായി
1650 സഹ.സംഘങ്ങൾ
സംസ്ഥാനത്ത് 1650സഹകരണ സംഘങ്ങളാണ് ബാങ്ക് എന്ന പേരുമായിപ്രവർത്തിക്കുന്നത്. പേര് മാറ്റിയാലും പ്രവർത്തിക്കാൻ തടസ്സമില്ലെന്നാണ് വാദം. പേരുമാറ്റിയില്ലെങ്കിലും റിസർവ്വ് ബാങ്കിന് നടപടിയെടുക്കാനാവില്ല. പരാതി ഉയർന്നാൽ നിയമകുരുക്കാകും.
നിക്ഷേപങ്ങൾക്ക് ബാങ്കുകൾക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ കിട്ടില്ല. നിക്ഷേപം വോട്ടവകാശമുള്ള അംഗങ്ങളിൽ നിന്ന് മാത്രമേ സ്വീകരിക്കാനാവു. അംഗങ്ങളിലേക്ക് മാത്രമായി സൊസൈറ്റിയുടെ പ്രവർത്തനം ചുരുക്കേണ്ടിവരുമെന്ന് അർത്ഥം. നിയന്ത്രണം നടപ്പാക്കിയാൽ, 60,000 കോടിയുടെ നിക്ഷേപം തിരിച്ചു കൊടുക്കേണ്ടി വരുമെന്നാണ് സൂചന. ഇക്കാര്യത്തിൽ പക്ഷെ സ്ഥിരീകരണമില്ല.