എന്തിനും ഏതിനും അടിയന്തര  പരോൾ  പറ്റില്ല: ഹൈക്കോടതി, ഭാര്യയുടെ  ഗർഭ പരിചരണത്തിന് പരോൾ തേടി കൊലക്കേസ്  പ്രതി 

Saturday 09 August 2025 12:00 AM IST

കൊച്ചി: ചെറിയ കാരണങ്ങൾ പറഞ്ഞ് തടവുകാർക്ക് അടിയന്തര പരോൾ ചോദിക്കുന്നതിനെതിരെ ഹൈക്കോടതി. ഇത്തരം പ്രവണത അനുവദിച്ചാൽ ഉത്സവത്തിനും പെരുന്നാളിനും കുടുംബ ടൂറിനുമെല്ലാം പരോൾ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. അസാധാരണ സാഹചര്യത്തിലല്ലാതെ പരോൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

തന്റെ ഗർഭ ശുശ്രൂഷയ്ക്ക് കൊലക്കേസ് പ്രതിയായ ഭർത്താവിന് അടിയന്തര പരോൾ തേടിയ യുവതിയുടെ ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. കുഞ്ഞിന്റെ പേരിടീൽ, ചോറൂണ്, കുടുംബച്ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാൻ പരോൾ തേടുന്ന ഹർജികൾ ഹൈക്കോടതിക്ക് മുന്നിൽ എത്തിയിരുന്നതായി സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് അനുവദിച്ചാൽ ജനങ്ങൾക്കും ഇരകൾക്കും ജുഡിഷ്യറിയിലുള്ള വിശ്വാസ്യത നഷ്ടമാകും. കുറ്റവാളിയും പൗരനും തമ്മിൽ വ്യത്യാസമില്ലാതാകുമെന്നും കോടതി പറഞ്ഞു.

കുറ്റവാളി ജയിലിലാകുന്നതോടെ അയാളുടെ മൗലികാവകാശങ്ങൾ മിക്കതും മരവിക്കപ്പെടും. ശിക്ഷ നൽകുന്നതിന്റെ ലക്ഷ്യംതന്നെ അതാണ്. ഇരയുടേയും കുടുംബത്തിന്റേയും കണ്ണുകൾ എപ്പോഴും തനിക്കുനേരെയുണ്ടെന്ന തിരിച്ചറിവിലാണ് പ്രതി പരിവർത്തനപ്പെടുകയെന്നും കോടതി വ്യക്തമാക്കി.

കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരന്റെ ഭാര്യയായ കണ്ണൂർ സ്വദേശിയാണ് ഹർജിക്കാരി.

ഐ.വി.എഫ് ചികിത്സയിലൂടെ ഏറെ വർഷത്തിന് ശേഷമാണ് ഗർഭവതിയായതെന്നും ഭർത്താവിന്റെ പരിചരണം അനിവാര്യമാണെന്നുമായിരുന്നു വാദം. പരോൾ ചട്ടങ്ങളിൽ പ്രതിപാദിക്കാത്ത കാരണം പറഞ്ഞാണ് അപേക്ഷയെന്ന് ചൂണ്ടിക്കാട്ടി ജയിൽ അധികൃതർ ആവശ്യം നിരസിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. പരോൾ അനുവദിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്നും പ്രതി കൊലപ്പെടുത്തിയ വ്യക്തിയുടെ ബന്ധുക്കളോട് ചെയ്യുന്ന അനീതിയാകുമെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.