ഫോൺ ചോർത്തൽ വിവാദത്തിൽ തിരുവഞ്ചൂർ: പാലോട് രവിക്ക് ജാഗ്രതക്കുറവ്, ജലീൽ കുറ്റക്കാരൻ
കോട്ടയം: കോൺഗ്രസിനെ വിമർശിച്ചുള്ള തിരുവനന്തപുരം മുൻ ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായ വിവാദത്തിൽ രവി കുറ്റക്കാരനല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ കോൺഗ്രസ് അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തൽ. പാർട്ടി വാമനപുരം മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനോട് പാലോട് രവി സംസാരിച്ച ഓഡിയോ ക്ലിപ്പാണ് പുറത്തായത്.
ഫോണിൽ സംസാരിക്കുമ്പോഴും മാദ്ധ്യമ പ്രവർത്തകരോട് ഇടപെടുമ്പോഴും ജാഗ്രത പാലിക്കണമായിരുന്നു. ഡി.സി.സി പ്രസിഡന്റെന്ന നിലയിൽ പാലോട് രവിക്ക് ആ
ജാഗ്രതയുണ്ടായില്ല. ഫോൺ സംഭാഷണം റെക്കാഡ് ചെയ്തതും പ്രചരിപ്പിച്ചതും അടക്കമുള്ള കാര്യങ്ങൾ അച്ചടക്ക സമിതി പരിശോധിച്ചു. ഫോൺ സംഭാഷണം ചോർത്തിയെന്നു കരുതുന്ന ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വരുന്ന പഞ്ചായത്ത്-നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് ഉച്ചി കുത്തി വീഴുമെന്നും, സി.പി.എമ്മിന് തുടർ ഭരണമുണ്ടാകുമെന്നും, അതോടെ കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി ജലീലീനോട് പറയുന്ന ഫോൺ ശബ്ദ സന്ദേശമായിരുന്നു പുറത്തുവന്നത്. കോൺഗ്രസിനെ പിടിച്ചുലച്ച വിവാദത്തെ തുടർന്നു കെ.പി.സി.സി നിർദ്ദേശ പ്രകാരം പാലോട് രവി ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. സംഘടനാവിരുദ്ധ പ്രവർത്തനത്തിന് ജലീലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി.