ജില്ലയിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ, 56 സർക്കാർ സ്കൂൾ കെട്ടിടങ്ങൾ പൊളിക്കും

Saturday 09 August 2025 12:19 AM IST

പത്തനംതിട്ട : ഫിറ്റല്ലാത്ത കാരണത്താൽ ജില്ലയിലെ 56 സർക്കാർ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു. സുരക്ഷ ഉറപ്പാക്കാൻ ഉപയോഗപ്രദമല്ലാത്തതും അപകടകരമായ കെട്ടിടങ്ങൾ, മതിലുകൾ, മറ്റ് നിർമാണങ്ങൾ എന്നിവ പൊളിച്ചു മാറ്റാൻ കളക്ടർ എസ്.പ്രേം കൃഷ്ണൻ നിർദേശം നൽകിയിരിക്കുകയാണ്. പൊളിക്കുന്ന 56 കെട്ടിടങ്ങൾ ഉപയോഗിക്കാത്തവയാണെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ടെൻഡർ പൂർത്തീകരിച്ച് അപകടകരമായ കെട്ടിടം പൊളിച്ച് നീക്കാനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ്. കെട്ടിടങ്ങളുടെ വാലുവേഷൻ റിപ്പോർട്ട് അനുവദിക്കുന്നതിനുള്ള ആവശ്യം ഉന്നയിച്ചാൽ നിർമാണത്തിന്റെ ചുമതലയുള്ള തദ്ദേശസ്ഥാപന എൻജിനിയറിംഗ് വിഭാഗം റിപ്പോർട്ട് തയാറാക്കി സമർപ്പിക്കണം. ലേലം ഉറപ്പിക്കാനായില്ലെങ്കിൽ അതേദിവസം തന്നെ നിയമപരമായ നടപടി സ്വീകരിക്കണം.

സുരക്ഷാവേലി

വിദ്യാലയങ്ങളിലെ ഉപയോഗപ്രദമല്ലാത്തതും പൊളിച്ചു മാറ്റേണ്ടതുമായ കെട്ടിടങ്ങൾ, സുരക്ഷിതമല്ലാത്ത മതിലുകൾ, ജലസംഭരണികൾ, വൈദ്യുത ഇൻസ്റ്റലേഷനുകൾ, താൽകാലിക ഷെഡുകൾ, കമാനങ്ങൾ തുടങ്ങിയവയുടെ സമീപത്ത് സുരക്ഷാവേലി നിർമിക്കും.

ബോർഡുകൾ സ്ഥാപിക്കേണ്ടത് സെക്രട്ടറിമാർ

അപകട സൂചന സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കേണ്ട ചുമതല ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർക്കാണ്. അപകടകരമായ വൃക്ഷങ്ങൾ മുറിച്ച് നീക്കാനുള്ള നടപടി സെക്രട്ടറിമാർ സ്വീകരിക്കും. സർക്കാർ എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളുടെ പരിസരത്തുള്ള വൃക്ഷങ്ങൾ മുറിച്ചു മാറ്റേണ്ട ഉത്തരവാദിത്വം സ്‌കൂൾ മാനേജർക്കും പ്രധാന അദ്ധ്യാപകനുമാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങൾ എയ്ഡഡ്/സ്വകാര്യ സ്‌കൂളുകൾക്ക് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെങ്കിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.

നിർദേശങ്ങൾ

1. തടി എത്രയും വേഗത്തിൽ സ്‌കൂൾ പരിസരത്തുനിന്ന് നീക്കം ചെയ്യണം.

2. വൈദ്യുതി ലൈനുകളുടെയും അനുബന്ധ നിർമിതികളുടെയും സുരക്ഷ സംബന്ധിച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തും.

3.സ്‌കൂൾ അംസംബ്ലികളിൽ കുട്ടികൾക്ക് ബോധവൽകരണം നടത്തണം.

4. നിർദേശിക്കപ്പെട്ട ഘടനയിൽ സ്‌കൂൾതല ദുരന്തനിവാരണ രേഖ തയാറാക്കും. ബന്ധപ്പെട്ട പ്രധാനദ്ധ്യാപർക്കാണ് ചുമതല. മാർഗ നിർദേശങ്ങൾക്കായി https://sdma.kerala.gov.in/school-safety-guidelines/

നിർദേശങ്ങളിൽ വീഴ്ചയോ അലംഭാവമോ വരുത്തിയാൽ ദുരന്ത നിവാരണ നിയമം വകുപ്പ് 51 പ്രകാരം കർശന നിയമ നടപടി സ്വീകരിക്കും.

എസ്. പ്രേം കൃഷ്ണൻ. ജില്ലാ കളക്ടർ.