വോട്ടർപട്ടിക പുതുക്കൽ 12 വരെ നീട്ടി

Saturday 09 August 2025 12:22 AM IST

പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 12 വരെ നീട്ടിയതായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. 2025 ജൂലായ് 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാൻ ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

2025 ജനുവരി ഒന്നിനോ മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 9, 10 തീയതികളിൽ തുറന്നു പ്രവർത്തിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങൾ പ്രവൃത്തിദിനമാക്കാൻ നിർദ്ദേശം നൽകിയത്. ഈ ദിവസങ്ങളിൽ ഓഫീസിൽ ഹാജരാകുന്ന അപേക്ഷകർക്ക് ഹിയറിംഗിനും ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ (ഫോം 5) നേരിട്ടു സ്വീകരിക്കുന്നതുമുൾപ്പെടെ വോട്ടർപട്ടികപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികൾക്കും സൗകര്യമൊരുക്കണമെന്ന് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മിഷൻ നിർദേശം നൽകി.