ഓണം പൊന്നോണമാക്കാം; സപ്ലൈകോ ഒരുക്കുന്നത് 11 ഓണച്ചന്തകൾ
മലപ്പുറം: ഓണത്തിന് സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലയിൽ ഒരുങ്ങുന്നത് 11 ഓണച്ചന്തകൾ. ജില്ലാതല ഓണച്ചന്ത മലപ്പുറം ഡാലിയ കെപീസ് അവന്യൂവിൽ 26ന് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷനാവും. തിരൂർ ഡിപ്പോയ്ക്ക് കീഴിൽ തിരൂർ, പുറത്തൂർ, കുറ്റിപ്പുറം, താനൂർ സൂപ്പർ മാർക്കറ്റുകളിലാണ് ഓണച്ചന്ത നടക്കുക. പെരിന്തൽമണ്ണ ഡിപ്പോയ്ക്ക് കീഴിൽ മക്കരപ്പറമ്പ് സൂപ്പർ മാർക്കറ്റ്, പെരിന്തൽമണ്ണ പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലാണ് ഓണച്ചന്ത എത്തുന്നത്. മഞ്ചേരി ഡിപ്പോയ്ക്ക് കീഴിൽ മഞ്ചേരി സൂപ്പർ മാർക്കറ്റ്, അരീക്കോട് മാവേലി സ്‌റ്റോർ എന്നിവിടങ്ങളിൽ നടക്കും. നിലമ്പൂർ ഡിപ്പോയ്ക്ക് കീഴിൽ ചക്കാലക്കുത്ത്, വണ്ടൂർ സൂപ്പർ മാർക്കറ്റുകളിലും പൊന്നാനി ഡിപ്പോയ്ക്ക് കീഴിൽ പൊന്നാനി സൂപ്പർ മാർക്കറ്റിലും നടക്കും. കൂടാതെ, താലൂക്ക് തല ഓണച്ചന്തകളും നടക്കും.
മഞ്ഞക്കാർഡുകാർക്ക് തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് സൗജന്യമായി ലഭ്യമാക്കും. സെപ്തംബർ നാലിന് ഓണച്ചന്ത അവസാനിക്കും. നിലവിൽ സബ്സിഡി സാധനങ്ങളിൽ വെളിച്ചെണ്ണയാണ് സപ്ലൈകോയിൽ ലഭ്യമല്ലാത്തത്. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയർന്നതോടെയാണ് സപ്ലൈകോയിൽ നിന്നും വെളിച്ചെണ്ണ അപ്രത്യക്ഷമായത്.
ഗിഫ്റ്റ് കാർഡും ഓഫർ
കിറ്റും എത്തുന്നു
ഓണാഘോഷത്തിന്റെ ഭാഗമായി സപ്ലോകോ ഗിഫ്റ്റ് കാർഡുകളും കിറ്റുകളും പുറത്തിറക്കുന്നുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ ഉൾപ്പെടുന്ന സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉല്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണെത്തുക. 1,225 രൂപയുടെ സമൃദ്ധി കിറ്റ് 1000 രൂപയ്ക്ക് ലഭിക്കും. 625 രൂപയുടെ സമൃദ്ധി മിനി കിറ്റ്, 305 രൂപയുടെ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവ യഥാക്രമം 500, 229 രൂപയ്ക്ക് ലഭ്യമാവും, 500, 1000 രൂപയുടെ ഗിഫ്റ്റ് കാർഡുകളും ലഭിക്കും. ഇത് ഉപയോഗിച്ച് ഒക്ടോബർ 31 വരെ സാധനങ്ങൾ വാങ്ങാം. സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് 1000ത്തിലധികം രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്ന വർക്കായി ലക്കി ഡ്രോ നടത്തും. ഒരു പവൻ സ്വർണനാണയം അടക്കം വിവിധ സമ്മാനങ്ങളാണ് ലഭിക്കുക. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ആകർഷകമായ മറ്റ് സമ്മാനങ്ങളും ലഭിക്കും.