റെക്കാഡ് കുതിപ്പ് തുടർന്ന് സ്വർണം
ആഗോള സാമ്പത്തിക മേഖല മുൾമുനയിൽ
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സ്വർണ വിലയിൽ റെക്കാഡ് മുന്നേറ്റം സൃഷ്‌ടിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന് 3,400 ഡോളറിലേക്ക് ഉയർന്നു. ഇതോടെ കേരളത്തിൽ പവൻ വില 560 രൂപ ഉയർന്ന് 75,760 രൂപയായി. ഗ്രാമിന്റെ വില 70 രൂപ ഉയർന്ന് 9,470 രൂപയിലെത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതും സ്വർണത്തിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ചു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഇന്നലെ സ്വർണത്തിന്റെ അവധി വില പത്ത് ഗ്രാമിന് 1,02,250 രൂപയിലെത്തി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പിഴയായി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ വ്യാപാര ചർച്ചകൾ മരവിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ബ്രിക്‌സ് രാജ്യങ്ങൾക്കെതിരെ ട്രംപ് നിലപാട് കടുപ്പിക്കുന്നതിനാൽ ആഗോള തലത്തിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപപ്പെടുകയാണ്. ഇന്ത്യയും ചൈനയും റഷ്യയും ഒരുമിക്കുന്നുവെന്ന് വ്യക്തമായതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായി.
ഒരു കിലോഗ്രാം സ്വർണക്കട്ടികളുടെ ഇറക്കുമതി തീരുവ അമേരിക്ക ഉയർത്തിയെന്ന വാർത്തകളും വില ഉയരാൻ കാരണമായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,600 ഡോളർ വരെ ഉയരാൻ ഇടയുണ്ടെന്നാണ് അനലിസ്‌റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ കേരളത്തിൽ പവൻ വില 80,000 രൂപ കടന്ന് മുന്നേറിയേക്കും.
ഓഹരികൾ മൂക്കുകുത്തി
ട്രംപിന്റെ തീരുവ നടപടികളും കമ്പനികളുടെ നിരാശാജനകമായ പ്രവർത്തന ഫലങ്ങളും ഓഹരി വിപണിയിൽ വിൽപ്പന സമ്മർദ്ദം രൂക്ഷമാക്കി. ഇന്നലെ സെൻസെക്സ് 765 പോയിന്റ് നഷ്‌ടവുമായി 79,857.79ൽ അവസാനിച്ചു. നിഫ്‌റ്റി 233 പോയിന്റ് ഇടിഞ്ഞ് 24,363.30ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും കനത്ത വിൽപ്പന സമ്മർദ്ദമാണ് ഇന്നലെ നേരിട്ടത്. തുടർച്ചയായ ആറാം വാരമാണ് ഇന്ത്യൻ ഓഹരികൾ നഷ്‌ടത്തോടെ വ്യാപാരം പൂർത്തിയാക്കുന്നത്.
കമ്പനികളുടെ വിപണി മൂല്യത്തിലെ ഇടിവ്
അഞ്ച് ലക്ഷം കോടി രൂപ
നിക്ഷേപകരുടെ നെഞ്ചിടിപ്പേറുന്നു
1. ട്രംപിന്റെ തീരുവ നടപടികൾ ഇന്ത്യയുടെ ജി.ഡി.പി വളർച്ചയിൽ ഒരു ശതമാനം വരെ ഇടിവുണ്ടാക്കിയേക്കും
2. കയറ്റുമതിയിലുണ്ടാകുന്ന തിരിച്ചടി വിപണികളിൽ ഉത്പന്നങ്ങളുടെ വിലയിടിവ് രൂക്ഷമാക്കുമെന്നതിനാൽ കാർഷിക, ഗ്രാമീണ മേഖലകൾ പ്രതിസന്ധിയിലാകും
3. ടാറ്റ മോട്ടോഴ്‌സ് അടക്കമുള്ള കമ്പനികളുടെ പ്രവർത്തന ലാഭത്തിലുണ്ടായ ഇടിവ് സാമ്പത്തിക തളർച്ചയുടെ സൂചന നൽകുന്നു
4. ആഗോള രാഷ്‌ട്രീയ മേഖലയിൽ രൂപപ്പെടുന്ന പുതിയ ചേരികൾ സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം ശക്തമാക്കുന്നു