തിരൂർ ജില്ലാ ആശുപത്രി ഓങ്കോളജി കെട്ടിടത്തിന് ശാപമോക്ഷം
തിരൂർ: സാങ്കേതിക പ്രതിസന്ധികൾ മറികടന്ന്, തിരൂർ ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഒൻപത് നില കെട്ടിടത്തിലെ ഓങ്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനം 11ന് മന്ത്രി വീണ ജോർജ് നിർവഹിക്കും. നബാർഡിന്റെ 28 കോടിയും ജില്ല പഞ്ചായത്തിന്റെ ഏഴു കോടി രൂപയും ഉപയോഗിച്ചാണ് ഓങ്കോളജി ബ്ലോക്ക് നിർമ്മിച്ചത്. 33 കോടി രൂപയാണ് പദ്ധതിക്കായി നബാർഡ് അനുവദിച്ചിരുന്നത്. എന്നാൽ, സമയബന്ധിതമായി പണി പൂർത്തിയാകാത്തതിനാൽ അഞ്ച് കോടി രൂപ ലാപ്സായി. കെട്ടിടത്തിന്റെ നിർമ്മാണം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും സാങ്കേതിക കുരുക്കിൽ പെട്ടാണ് ഉദ്ഘാടനം നീണ്ടത്. കാൻസർ ചികിത്സയ്ക്കായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2016ലാണ് കെട്ടിടം പണിയാൻ തീരുമാനിച്ചത്. നാല് നിലയ്ക്കാണ് നഗരസഭ നമ്പർ നൽകിയിട്ടുള്ളത്. കെട്ടിടനമ്പർ ലഭ്യമാകാത്തത് മൂലം സർക്കാർ എട്ട് വ്യവസ്ഥകളിൽ ഇളവ് നൽകിയിരുന്നു. 2022ൽ പൊതുമരാമത്ത് വകുപ്പ് പണി പൂർത്തിയാക്കി കെട്ടിടം പൂർണമായും കൈമാറിയിരുന്നെങ്കിലും അഗ്നിരക്ഷാ സേനയുടെ അനുമതിപത്രം ലഭിക്കാത്തതിനാൽ നഗരസഭ കെട്ടിടത്തിന് നമ്പർ അനുവദിച്ചിരുന്നില്ല. പ്രതിസന്ധികൾക്ക് വിരാമമിട്ട് എൻ.ഒ.സി ലഭിച്ചതോടെയാണ് ഓങ്കോളജി ബ്ലോക്ക് തുറക്കുന്നത്. എന്നാൽ, സർക്കാർ ഒമ്പത് നിലകളും ക്യാൻസർ ചികിത്സയ്ക്ക് നൽകേണ്ടതില്ലെന്ന നിലപാടെടുത്തു. ആദ്യത്തെ നാലു നിലകളാണ് അർബുദ രോഗികളുടെ ചികിത്സയ്ക്കും മറ്റു രോഗികളുടെ ചികിത്സയ്ക്കുമായി തുറന്നുകൊടുക്കുക. ഈ നാല് നിലകളിൽ ക്യാൻസർ പരിശോധനക്ക് പുറമെ ഫിസിയോ തെറാപ്പി ഉൾപ്പെടെയുള്ളവ മാറ്റും. മരുന്നുകളും സജ്ജീകരിക്കും.
മാമോഗ്രാം യൂണിറ്റ് ഉദ്ഘാടനവും ഓങ്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനത്തോടൊപ്പം നടക്കും. റേഡിയേഷൻ നൽകാനുള്ള യന്ത്രവും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ 17 കോടി രൂപ ആവശ്യമാണ്. ഇതിന് സംസ്ഥാന സർക്കാരോ നബാർഡോ കനിയണം. റേഡിയേഷൻ റൂം കോടികൾ മുടക്കി നിർമ്മിച്ചിട്ടുണ്ടെങ്കിലും മെഷീൻ സ്ഥാപിക്കാനായില്ല. നിലവിൽ തിരൂർ ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന അർബുദ ചികിത്സ കേന്ദ്രത്തിൽ ഒരു വർഷം 8000ത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്.