ഗുരുവായൂരിൽ ടാൽറോപ്പ് വില്ലേജ് പാർക്ക്

Saturday 09 August 2025 12:24 AM IST

ഗുരുവായൂർ: ടാൽറോപിന്റെ പുതിയ വില്ലേജ് പാർക്ക് ഗുരുവായൂർ പാലുവായ് നിയോ വിസ്‌ഡം കോളെജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ പ്രവർത്തനമാരംഭിച്ചു. വില്ലേജ് പാർക്കിന്റെ ഉദ്‌ഘാടനം മണലൂർ എം.എൽ.എ മുരളി പെരുനെല്ലി നിർവഹിച്ചു. അമേരിക്കയിലെ സിലിക്കൺവാലിയുടെ മാതൃകയിൽ കേരളത്തിൽ ആഗോള സംരംഭങ്ങൾ വളർത്തിയെടുക്കാനാണ് ടാൽറോപ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ, ടെക്നോളജി, സംരംഭക മേഖലയിൽ വിപ്ലവകരമായ മുന്നേറ്റമാണ് വില്ലേജ് പാർക്കിലൂടെ ലഭിക്കുന്നതെന്ന് മുരളി പെരുനെല്ലി പറഞ്ഞു.

സിലിക്കൺ വാലി മോഡൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലൂടെ കേരളത്തിൽ 140 വൻകിട സ്റ്റാർട്ടപ്പുകൾ ടാൽറോപ് വികസിപ്പിക്കും. ചെറുകിട സംരംഭങ്ങൾക്ക് ആഗോള നിലവാരത്തിലേക്ക് ഉയരുന്നതിനുള്ള അവസരങ്ങൾ വില്ലേജ് പാർക്ക് വഴി ലഭ്യമാവും.

വില്ലേജ് പാർക്കിലൂടെ വരുമാന മാർഗങ്ങളും ലഭിക്കുമെന്ന് ടാൽറോപ് കോ-ഫൗണ്ടറും സി.ഇ.ഒ യുമായ സഫീർ നജുമുദ്ദീൻ പറഞ്ഞു.

സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ 'വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്’, മുനിസിപ്പാലിറ്റിയിലെ വനിതകൾക്കുള്ള 'പിങ്ക് കോഡേഴ്സ്' എന്നീ പദ്ധതികളുടെ ഉദ്‌ഘാടനവും നടന്നു. നടിയും പ്രശസ്‌ത അവതാരകയുമായ ഡയാന ഹമീദ്, ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, മുൻ എം.എൽ.എ വി.ടി ബൽറാം, ടാൽറോപ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഡയറക്ടർ ആൻമേരി ജിജു കെ. തുടങ്ങിയവരും പങ്കെടുത്തു.