കൂടൽ പാകണ്ടത്ത് പുലിയും രണ്ട് കുഞ്ഞുങ്ങളും
കോന്നി : കൂടൽ പാകണ്ടത്ത് മൂന്ന് പുലികൾ ഉള്ളതായി സൂചന. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് മൂന്ന് പുലികളുടെ ദൃശ്യങ്ങൾ ലഭിച്ചത്. തള്ളപ്പുലിയും രണ്ട് കുഞ്ഞുങ്ങളുമാണ് ദൃശ്യത്തിലുള്ളത്. ഇവിടെ കോഴിക്കൂട്ടിൽ കയറി കോഴികളെ പുലി പിടിച്ചിരുന്നു. വളർത്തുനായയെ ഓടിച്ചുകൊണ്ട് പുലി വീട്ടിൽ കയറിയ കലഞ്ഞൂർ പൂമരുതികുഴിയിലും പ്രദേശവാസികൾ ഭീതിയിലാണ്.
പ്രദേശത്ത് മുൻപ് മൂന്നുതവണ വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ പുലി അകപ്പെട്ടിരുന്നു. പുലികളുടെ സാന്നിദ്ധ്യം വർദ്ധിച്ചതോടെ മുൻപ് വനം വകുപ്പ് ഡ്രോൺ സഹായത്തോടെ തെരച്ചിലും നടത്തിയതാണ്. റബർ തോട്ടങ്ങളിലെയും പാറമടകളുടെയും സമീപത്തെ പൊന്തക്കാടുകൾ വന്യമൃഗങ്ങളുടെ താവളമാണ്. കാട്ടാനയുടെയും കാട്ടുപന്നികളുടെയും ശല്യത്തിൽ പൊറുതിമുട്ടിയവരുടെ ഇടയിലേക്കാണ് പുലിയും ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞദിവസം പ്രദേശത്തെ വീടിന്റെ ജനൽ ചില്ലുകൾ രാത്രി കാട്ടാന തകർത്തിരുന്നു.
പുലർച്ചെ റബർ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളും പാൽ, പത്ര വിതരണം നടത്തുന്നവരും സ്കൂൾ കുട്ടികളും ഭയപ്പാടിലാണ്. പൂമരുതികുഴിയിലും പാകണ്ടത്തും വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.