പരിമിതികളെ അതിജീവിച്ച് ജ്യോതിഷ്, ദീപ്തി സ്‌പെഷ്യൽ സ്‌കൂളിന് പ്രചോദനം, കായികമേളയിലും മിന്നും നേട്ടം

Saturday 09 August 2025 12:29 AM IST

കൊടുമൺ : ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച ഒരു കുരുന്നിന്റെ അതിജീവന പോരാട്ടത്തിൽ നിന്നാണ് കൊടുമണ്ണിൽ സ്‌പെഷ്യൽ സ്കൂൾ കായികമേളയുടെ സംഘാടകരായ ദീപ്തി സ്‌കൂളിന്റെ ഉദയം. ഇന്നലെ നടന്ന കായികമേളയിൽ സോഫ്റ്റ് ബാൾ ത്രോയിലും ക്ലബ് ത്രോയിലും ജ്യോതിഷ് ഒന്നാംസ്ഥാനം നേടിയപ്പോൾ മാതാവും ദീപ്തി സ്‌പെഷ്യൽ സ്‌കൂളിന്റെ പ്രിൻസിപ്പാളുമായ ഡോ.സൂസൻ മാത്യു പിന്നിട്ട വഴികളെക്കുറിച്ച് കേരളകൗമുദിയോട് മനസ് തുറന്നു. ജനിച്ചു എട്ടാം മാസത്തിലാണ് ജ്യോതിഷിന് സെറിബ്രൽ പാൾസി ബാധിച്ച വിവരം തിരിച്ചറിഞ്ഞത്. മതിയായ വളർച്ചയില്ലാത്തതിനാൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഇത് വ്യക്തമായത്. എന്നാൽ മകന്റെ രോഗാവസ്ഥയിൽ നിരാശപ്പെടാൻ ജ്യോതിഷിന്റെ മാതാപിതാക്കളായ സൂസൻ മാത്യുവും മാത്യു സി വർഗീസും തയ്യാറായില്ല. ജ്യോതിഷിനായി ഇരുവരും സഹിച്ച ത്യാഗത്തിനു സമാനതകളില്ല. ഫിസിയോ തെറാപ്പിക്ക് വേണ്ടി 2009 ൽ ചേർത്തലയിലും ഡിഗ്രി പഠനകാലത്ത് ബാംഗ്ലൂരിലും വീട് വാടകയ്ക്ക് എടുത്ത് അവർ ജ്യോതിഷിന് കൂട്ടാകുകയായിരുന്നു. മകനുവേണ്ടിയുള്ള ത്യാഗങ്ങളും നൊമ്പരങ്ങളും അതിജീവനവുമാണ് മണക്കാല കേന്ദ്രീകരിച്ചു ദീപ്തി സ്‌പെഷ്യൽ സ്‌കൂൾ തുടങ്ങാൻ പ്രചോദനമായതെന്ന് സൂസൻ മാത്യു പറഞ്ഞു. ജ്യോതിഷ് ഇപ്പോൾ കമ്മ്യൂണിക്കേഷൻ ഡിസൈനിങ്ങിൽ ബിരുദപഠനം പൂർത്തിയാക്കി. ഇതേവിഷയത്തിൽ മാസ്റ്റർ ബിരുദമാണ് ജ്യോതിഷിന്റെ ലക്‌ഷ്യം. ജോഷ് ,ആശിഷ് ,അഭിഷേക് എന്നിവരാണ് സഹോദരങ്ങൾ.