ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ; ഹോള്‍സെയില്‍ വിലയ്ക്ക് സാധനം കിട്ടും, ഈടാക്കുന്ന വില ഇങ്ങനെ

Friday 08 August 2025 11:34 PM IST

തിരുവനന്തപുരം: ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 500 രൂപയില്‍ അധികം ആണ് നല്‍കേണ്ടത്. സ്ഥിതി ഇങ്ങനെയാണെങ്കില്‍ ഓണ വിപണിയില്‍ ഉള്‍പ്പെടെ കൈപൊള്ളുമെന്ന സ്ഥിതിയാണ് ജനങ്ങളെ കാത്തിരിക്കുന്നത്. എന്നാല്‍ വിപണിയില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ തീരുമാനം നേരിയ ആശ്വാസത്തിന് വക നല്‍കുന്നതാണ്. അധിക വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സംരംഭകരുമായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ സപ്ലെക്കോ ഔട്ട്‌ലറ്റുകള്‍ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വില്‍പ്പന ആരംഭിക്കുമെന്നും ജി ആര്‍ അനില്‍ വിവരിച്ചു. ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈക്കോയില്‍ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റര്‍ ക്രമത്തില്‍ വില്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വെളിച്ചെണ്ണ വില ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിപണിയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ വരാന്‍ സാദ്ധ്യത ഏറെയാണ്. എല്ലാ ഭക്ഷ്യസംരംഭകര്‍,അംഗീകൃത ഉത്പാദകര്‍,റീപാക്കര്‍,വിതരണക്കാര്‍ എല്ലാവരും വിശ്വാസ്യതയുള്ള ളമൈശ നിന്നുമാത്രം വെളിച്ചെണ്ണ സ്വീകരിക്കാന്‍ പാടുള്ളൂ. അംഗീകൃത ജി.എസ്.ടി ബില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ജി.എസ്.ടി. ബില്‍ ഇല്ലാതെയും മാര്‍ക്കറ്റ് വിലയില്‍ കുറഞ്ഞ വിലയിലും ലഭ്യമാക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കരുത്. ഏതെങ്കിലും തരത്തില്‍ വ്യാജനെ കണ്ടെത്തിയാല്‍ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.