ശാസ്ത്ര പ്രശ്‌നോത്തരി
പത്തനംതിട്ട : സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ശാസ്ത്ര പ്രശ്‌നോത്തരിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന മത്സരത്തിൽ ആദ്യസ്ഥാനം അടൂർ തോട്ടക്കോണം ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികളായ ഷിഹാദ് ഷിജുവും ആർ.കൃഷ്ണപ്രിയയും രണ്ടാംസ്ഥാനം തിരുവല്ല എസ്.എൻ.വി.എസ്.എച്ച്.എസ് വിദ്യാർത്ഥികളായ അയന മേരി എബ്രഹാമും രാധാ സരോജ് പ്രസാദും കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തെത്തിയ ടീം സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് യഥാക്രമം 10,000, 5000 രൂപ, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ പത്തനംതിട്ട നഗരസഭ കൗൺസിലർ പി.കെ.അനീഷ് വിതരണം ചെയ്തു. ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ നിന്നും വിജയിച്ചവരാണ് മത്സരത്തിൽ പങ്കെടുത്തത്. ജില്ലാ കോർഡിനേറ്റർ ബിബിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.എസ്.ചന്ദ്രികാ ദേവി, പത്തനംതിട്ട നഗരസഭ കോർഡിനേറ്റർ അജിൻ വർഗീസ്, ക്വിസ് മാസ്റ്റർ അഞ്ചു രാധ്, ബോർഡംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.