'നവീകരിച്ച' പാണ്ടറച്ചിറ വീണ്ടും നാശത്തിലേക്ക്

Saturday 09 August 2025 12:57 AM IST
കാടുമൂടി നശിക്കുന്ന പാണ്ടറ ചിറ

പുത്തൂർ: നവീകരണം വഴിപാടായി, പുത്തൂർ പാണ്ടറ ചിറ വീണ്ടും നാശത്തിലേക്ക്. ജില്ലാ പഞ്ചായത്ത് 'സുജലം' പദ്ധതിയിൽ ഉൾപ്പെടുത്തി 31.40 ലക്ഷം രൂപ അനുവദിച്ചാണ് ചിറ നവീകരിച്ചത്. 2022 ആഗസ്റ്റ് 25ന് മന്ത്രി കെ.എൻ.ബാലഗോപാൽ നവീകരിച്ച ചിറ ഉദ്ഘാടനം ചെയ്തെങ്കിലും പിന്നീട് ആരും ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. നെടുവത്തൂർ ഗ്രാമപഞ്ചായത്താണ് തുടർ സംരക്ഷണം ഏറ്റെടുക്കേണ്ടിയിരുന്നത്. അവരും തിരിഞ്ഞുനോക്കാതെ വന്നതോടെ ചിറ പഴയതിലും പരിതാപകരമായ അവസ്ഥയിലെത്തി. ഇപ്പോൾ പായൽമൂടിയും കുറ്റിക്കാട് വളർന്നും ചിറ നശിക്കുകയാണ്.

  • ചിറയുടെ നാല് വശത്തും കുറ്റിക്കാടുകൾ വളർന്ന് മൂടി.
  • സംരക്ഷണ ഭിത്തികളിൽ മരങ്ങൾ വളരാൻ തുടങ്ങി.
  • വേരിറങ്ങി കൽക്കെട്ടുകൾ ഇടിഞ്ഞു തള്ളും.
  • നിർമ്മാണ വേളയിൽ മരങ്ങളുടെ വേരുകൾ ഉള്ളത് ഇളക്കി മാറ്റിയിരുന്നില്ല.
  • അടിയന്തരമായി വൃത്തിയാക്കിയില്ലെങ്കിൽ സംരക്ഷണ ഭിത്തികളെല്ലാം ചിറയിലെ വെള്ളത്തിലേക്ക് ഇടിഞ്ഞുതള്ളും.

മറ്റ് പദ്ധതികൾ മറന്നു

ചിറ നവീകരണത്തിനൊപ്പം സായന്തനങ്ങൾ ചെലവഴിക്കാനുള്ള പാർക്കുകൂടി നിർമ്മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നു. അനുവദിച്ച തുകയിൽ 17.5 ലക്ഷം രൂപയുടെ ബില്ലാണ് മാറിയിട്ടുള്ളത്. ബാക്കി തുകയുടെ നിർമ്മാണ ജോലികൾ നടത്തിയതുമില്ല. പാർക്കുൾപ്പടെ മറ്റ് പദ്ധതികൾ വന്നതുമില്ല. കൊട്ടാരക്കര- പുത്തൂർ റോഡരികിലാണ് ചിറയും അനുബന്ധ ഭൂമിയും. ഇരിപ്പിടങ്ങളും ലൈറ്റിംഗ് സംവിധാനങ്ങളുമൊക്കെ ഏർപ്പെടുത്തി പാർക്കുകൂടി ഒരുക്കിയാൽ ചിറയുടെ മുഖവും തെളിഞ്ഞേനെ.

പുത്തൂർ പാണ്ടറച്ചിറ

പദ്ധതിയുടെ പേര്: 'സുജലം'

അനുവദിച്ച തുക: ₹31.40 ലക്ഷം

പുനരുദ്ധാരണം: 2022 ആഗസ്റ്റ് 25