ഐ.സി.യു പീഡനം: പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ പ്രതിയായ ആശുപത്രി അറ്റൻഡർ എ.എം.ശശീന്ദ്രനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പ്രിൻസിപ്പൽ കെ.ജി.സജിത്ത് കുമാർ ഉത്തരവിറക്കി. ഫോറൻസിക് വിഭാഗം അസി. പ്രൊഫ. ഡോ. പ്രിയതയുടെ നേതൃത്വത്തിൽ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ശശീന്ദ്രനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഏഴിനാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാൾ സസ്പെൻഷനിലായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ അതിജീവിതയെ സ്പർശിച്ചിരുന്നെന്ന് സമ്മതിക്കുകയും പിന്നീട് തള്ളിക്കളയുകയുമായിരുന്നെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്.
പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് അതിജീവിതയും ആശുപത്രി ജീവനക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2023 മാർച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ യുവതിയെ ശശീന്ദ്രൻ പീഡിപ്പിച്ചത്.