ഹനുമാന് തുല്യം ഹനുമാൻ മാത്രം

Saturday 09 August 2025 12:00 AM IST
പി.ആർ. നാഥൻ

രാമായണമെന്ന മഹത്തായ ഇതിഹാസത്തിന്റെ പ്രകാശത്തിൽ നാം സ്വന്തം ജീവിതത്തെ വിലയിരുത്തുമ്പോൾ അറിവിന്റെ ധാരാളം മുത്തുകൾ നമുക്കു കിട്ടാനുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും മറ്റുള്ളവർ ഉപദേശം കൊടുത്തിട്ടുണ്ട്. രാമന് വേണ്ടുന്ന ഉപദേശം നൽകിയത് വസിഷ്ഠ മഹർഷിയാണ്.

ലക്ഷ്മണന് വേണ്ടുന്ന അറിവ് ഉപദേശിച്ചത് രാമൻ തന്നെയാണ്. നിരവധി പഠനങ്ങൾക്ക് വിധേയമായ ഗ്രന്ഥമെന്ന നിലയിൽ രാമായണത്തിലെ എല്ലാ കഥാപാത്രങ്ങളും വിമർശനത്തിന് വിധേയമായിട്ടുണ്ട്. അത് മഹത്തായ ഒരു സാഹിത്യകൃതിയുടെ ഏറ്റവും വലിയ ഗുണമായി വിലയിരുത്തപ്പെടുന്നു. വിമർശനങ്ങൾക്ക് അതീതരായി ജീവിക്കാൻ നാമെല്ലാം ആഗ്രഹിക്കുന്നു. അതേസമയം പലരും നമ്മെ വിമർശിക്കുന്നു. ആരാലും വിമർശിക്കപ്പെടാത്ത കഥാപാത്രങ്ങൾ രാമായണത്തിൽ ഇല്ലെന്നു തന്നെ പറയാമെങ്കിലും വിമർശനശരങ്ങളൊന്നും ഹനുമാന്റെ നേരെ വന്നിട്ടില്ല. അതിൽനിന്നും വളരെയേറെ കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്.

രാമന്റെ ഇച്ഛയ്ക്കനുസരിച്ചാണ് ഹനുമാൻ ജീവിച്ചത്. രാമനാമം മാത്രം ഉച്ചരിച്ച് പ്രതിഫലം ആഗ്രഹിക്കാതെ ഹനുമാൻ കർമ്മം ചെയ്തു. അഹത്തിന് ആകാരമുണ്ടാകുമ്പോൾ നാമതിനെ അഹങ്കാരമെന്ന് വിളിക്കുന്നു. ഹനുമാന് ഞാനെന്ന ഭാവം ഒട്ടുമില്ലായിരുന്നു. രാമന്റെ കൽപ്പനയ്ക്ക് അനുസരിച്ചാണ് കർമ്മങ്ങൾ ചെയ്തത്. കർമ്മങ്ങളെല്ലാം വിശുദ്ധിയോടെ അനുഷ്ഠിക്കുമ്പോൾ ആ വ്യക്തി കർമ്മം ചെയ്തതായി ആരും വ്യാഖ്യാനിക്കില്ല എന്നൊരു സിദ്ധാന്തമുണ്ട്.

  • അറിവിന്റെ നിറകുടം

അറിവിന്റെ നിറകുടമായിരുന്നു ഹനുമാൻ. സൗന്ദര്യമില്ലെങ്കിലും സുന്ദര ഹനുമാനെന്ന് ജനങ്ങൾ വിളിച്ചു. ഇക്കാരണം കൊണ്ടുതന്നെ ഗുരുഭക്തിയുടെ കാര്യം വരുമ്പോൾ എല്ലാവരും ഹനുമാനെ ഉദാഹരണമായി പറയുന്നു. തുളസീദാസൻ രാമായണം എഴുതാനായി ഹനുമാന്റെ അനുഗ്രഹം നേടി എന്ന് കഥയുണ്ട്. ഹനുമാന്റെ ഉപാസകനായതുകൊണ്ടാണ് തുളസീദാസന് ആ ഗ്രന്ഥമെഴുതാൻ കഴിഞ്ഞത്. സമുദ്രം ചാടിക്കടന്നതറിഞ്ഞ് സീത ഹനുമാനെ പ്രശംസിച്ചു. ഹനുമാൻ ലജ്ജകൊണ്ട് ശിരസ്സ് കുനിച്ചു. ഹനുമാൻ പർവതം പുഴക്കിക്കൊണ്ടുവന്നപ്പോൾ ശ്രീരാമൻ പ്രശംസിച്ചു. അപ്പോഴും ഹനുമാൻ ലജ്ജിച്ചുവെന്ന് കഥയുണ്ട്. മഹാസമർപ്പണമാണ് ആ ലജ്ജ. ഒരു പ്രതിഫലവും കാംക്ഷിക്കാത്തവന് ചെറുതാകാൻ കഴിയും. വളരെ വലുതാകാനും കഴിയും. ഈ തത്വം ഹനുമാനിൽ നിന്ന് മാനവരാശി പഠിക്കുന്നത് നല്ലതാണ്.