കെ.എസ്.എഫ്.ഇക്ക് ഒരുലക്ഷം കോടിയുടെ ഇടപാട് നേട്ടം

Saturday 09 August 2025 1:02 AM IST

 പ്രഖ്യാപനം 13ന്

തിരുവനന്തപുരം: ഒരുലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് കെ.എസ്.എഫ്.ഇ. ആദ്യമായാണ് രാജ്യത്ത് സർക്കാർ നിയന്ത്രണത്തിലുള്ള മിസലേനിയസ് നോൺ ബാങ്കിംഗ് സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനവും ആഘോഷപരിപാടികളുടെ ഉദ്ഘാടനവും 13ന് ഉച്ചയ്ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടി ഇടപാടുകാർക്ക് ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡ് വിതരണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും. കെ.എസ്.എഫ്.ഇ ബ്രാൻഡ് അംബാസഡർ സുരാജ് വെഞ്ഞാറമൂട് വിശിഷ്ടാതിഥിയാകും.

കഴിഞ്ഞ സാമ്പത്തിക വർഷം ആയിരം കോടി രൂപയുടെ പുതിയ ചിട്ടികൾ തുടങ്ങിയതും ഈ സാമ്പത്തിക വർഷം തുടക്കത്തിൽ തന്നെ സ്വർണ്ണ വായ്പ പതിനായിരം കോടി രൂപ കടന്നതുമാണ് ഒരുലക്ഷം കോടിയുടെ നേട്ടത്തിലേക്ക് സ്ഥാപനത്തെ എത്തിച്ചത്.