കോളേജ് ഡേയ്ക്ക് കസറാൻ 75-ാം വയസിൽ നൃത്തപഠനം
കൊച്ചി: തങ്കമ്മയ്ക്ക് പ്രായം 75. തൊഴിലുറപ്പ് പണിക്കിടെ കൊച്ചുമക്കളുടെ പ്രായമുള്ള കുട്ടികൾക്കൊപ്പം റഗുലർ കോളേജിൽ ബിരുദ പഠനം. അതിനിടെ ഒരു ആഗ്രഹം. കോളേജ് ഡേയ്ക്ക് നൃത്തം ചെയ്യണം. അതിനായി പഠനത്തിനൊപ്പം നൃത്തംകൂടി അഭ്യസിക്കുകയാണ് തങ്കമ്മ. അടുത്ത കോളേജ് ഡേയ്ക്ക് ചിലങ്കകെട്ടി സോളോ നൃത്തം ചെയ്ത് കസറാൻ തന്നെയാണ് തീരുമാനം. ഒപ്പം നാട്ടിലെ ക്ഷേത്രോത്സവത്തിനും തട്ടിൽ കയറണം.
ഇലഞ്ഞി അപ്പ് ബീറ്റ്സ് കൾച്ചറൽ അക്കാഡമിയിലെ സുമി രജീഷിന്റെ കീഴിലാണ് സെമി ക്ലാസിക്കൽ നൃത്തപഠനം. കഴിഞ്ഞ വർഷമാണ് കൂത്താട്ടുകുളം ആലപുരം മടുക്ക എഴുകാമലയിൽ തങ്കമ്മ ഇലഞ്ഞി വിസാറ്റ് കോളേജിൽ ബി.കോം ഓണേഴ്സിന് ചേർന്നത്. കോളേജ് വാർഷികത്തിന് കൊച്ചുമക്കളുടെ പ്രായമുള്ള സഹപാഠികൾക്കൊപ്പം നൃത്തം ചെയ്യാനാകാത്തതു കൊണ്ടാണ് ഒറ്റയ്ക്ക് ചെയ്യാൻ തീരുമാനിച്ചത്.
1995ൽ ഭർത്താവിന്റെ മരണശേഷം രണ്ടുമക്കളുമായി ജീവിതത്തോട് പൊരുതി വിജയിച്ച തങ്കമ്മ എഴുപതാം വയസിലാണ് തുടർപഠനത്തിനിറങ്ങിയത്. ചെറുപ്പത്തിൽ എട്ടാംക്ലാസുവരെ പഠിച്ചിട്ടുണ്ടായിരുന്നു. തുല്യതാ കോഴ്സിലൂടെ പത്താംതരവും പ്ലസ്ടുവും പാസായി. തൊഴിലുറപ്പ് പണിക്കിടെയായിരുന്നു പഠനവും. തുടർന്ന് എം.ജി സർവകലാശാലയുടെ പ്രത്യേക അനുമതിയോടെയാണ് 74-ാം വയസിൽ കോളേജിൽ ചേർന്നത്. അതിനിടെ, ഫയർഫോഴ്സിന്റെ സിവിൽ ഡിഫൻസ് സേനയുടെ പരിശീലനവും പൂർത്തിയാക്കി. ഓൺലൈൻ ചാനലിന്റെ സ്പോൺസർഷിപ്പിൽ ദുബായിലേക്ക് യാത്രയും നടത്തി.
'മേറ്റ്" ആക്കിയില്ല,
വാശിക്ക് പഠനം
പത്താം ക്ലാസ് യോഗ്യത ഇല്ലാത്തതുകൊണ്ട് തൊഴിലുറപ്പ് മേറ്റ് ആകാൻ പറ്റിയില്ല. ആ വെല്ലുവിളി ഏറ്റെടുത്താണ് 2019ൽ തുല്യതാ ക്ലാസിൽ ചേർന്ന് പത്താംതരം പാസായത്. എന്നിട്ടും 70 വയസ് ആയെന്ന കാരണത്താൽ മേറ്റ് പദവിക്ക് പരിഗണിച്ചില്ല. അതിലും തളരാതെയാണ് തുടർപഠത്തിന് ഇറങ്ങിയത്. കോളേജ് അവധി ദിനങ്ങളിലും അദ്ധ്യാപകരുടെ അനുമതിയോടെയും ഇപ്പോഴും തൊഴിലുറപ്പ് പണിക്ക് പോകുന്നുണ്ട്.