വിദ്യാഭ്യാസ ഗവേഷണ പദ്ധതിക്ക് 4200 കോടി #എൻജി, പോളി വിദ്യാർത്ഥികൾക്ക് നേട്ടം

Saturday 09 August 2025 12:07 AM IST

ന്യൂഡൽഹി: സാങ്കേതിക വിദ്യാഭ്യാസത്തിലെ ഗുണനിലവാരവും തുല്യതയും ഭരണസംവിധാനവും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന മെറിറ്റ് (മൾട്ടിഡിസിപ്ളിനറി എജ്യൂക്കേഷൻ ആന്റ് റിസർച്ച് ഇംപ്രൂവ്‌മെന്റ് ഇൻടെക്‌നിക്കൽ എജ്യൂക്കേഷൻ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 175 എൻജിനീയറിംഗ് കോളേജുകളും 100 പോളിടെക്‌നിക്കുകളും അടക്കം 275 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കും. ഏകദേശം 7.5 ലക്ഷം വിദ്യാർഥികൾക്ക് പ്രയോജനപ്പെടും. അഞ്ചു വർഷത്തേക്ക് പദ്ധതിക്കായി 4200 കോടി രൂപ വകയിരുത്തി. ഇതിൽ 2100 കോടി രൂപ ലോകബാങ്ക് വായ്‌പയാണ്.

തിരഞ്ഞെടുത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി), സംസ്ഥാന എൻജിനിയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, അഫിലിയേറ്റിം​ഗ് ടെക്നിക്കൽ യൂണിവേഴ്സിറ്റികൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകൾക്കും സഹായം ലഭിക്കും.

തൊഴിൽ സാദ്ധ്യത

വർദ്ധിപ്പിക്കാൻ

സമഗ്രവും ബഹുമുഖവുമായ സമീപനത്തിലൂടെ വിദ്യാർത്ഥികളുടെ തൊഴിൽയോഗ്യത മെച്ചപ്പെടുത്തൽ.

 ഇന്റേൺഷിപ്പ് അവസരങ്ങൾ ഒരുക്കൽ, വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കൽ, അദ്ധ്യാപക പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ, ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ.

നൂതനാശയ കേന്ദ്രങ്ങൾ, നൈപുണ്യ ലാബുകൾ, ഭാഷ ശിൽപ്പശാലകൾ എന്നിവയ്‌ക്കും പിന്തുണ.