കോളൂരിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

Saturday 09 August 2025 12:12 AM IST
കോളൂരിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാന

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി റെയിഞ്ചിലെ പൊൻകുഴി ഫോറസ്റ്റ് സ്‌റ്റേഷനിൽപെട്ട കോളൂരിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. നാൽപ്പത് വയസ് മതിക്കുന്ന കൊമ്പനാണ്. വനാതിർത്തിയിലെ ആനപ്രതിരോധ കിടങ്ങിലാണ് കാട്ടാനയുടെ ജഡം ഇന്നലെ രാവിലെ കണ്ടത്. വനംവകുപ്പ് സ്ഥാപിച്ച ഫെൻസിംഗിൽ നിന്നുള്ള ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. വന്യമൃഗങ്ങൾ ജനവാസമേഖലയിലേയ്ക്ക് ഇറങ്ങുന്നത് പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ച കിടങ്ങിൽ മുട്ടുകുത്തി കിടക്കുന്ന നിലയിലാണ് ജഡം കിടന്നിരുന്നത്. ഇടതു മുൻകാലിനും വലത് കൊമ്പിനുമിടയിലായി വനം വകുപ്പ് സ്ഥാപിച്ച ഫെൻസിംഗ് ലൈൻ കുടുങ്ങിയ നിലയിലാണ്. വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിലേയ്ക്ക് കടന്നുവരാനുള്ള ശ്രമത്തിനിടെയായിരിക്കാം അപകടം സംഭവിച്ചതെന്ന് കരുതുന്നു.

കഴിഞ്ഞയാഴ്ച വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ കുത്തിമറിച്ച് പരാക്രമം കാട്ടിയ ആനയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. രണ്ട് മാസം മുമ്പ് കോളൂരിൽ നിന്ന് അര കിലോമീറ്റർ മാറി മുറിയൻകുന്നിലും കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ആന ചരിയാൻ ഇടയായതിന്റെ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നാണ് വനം വകുപ്പധികൃതർ നൽകുന്ന വിവരം. സുൽത്താൻ ബത്തേരി റെയിഞ്ച് ഓഫീസർ നസ്ന, പൊൻകുഴി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.