ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പി. ശാരുതി വിശിഷ്ടാതിഥി
- ഒളവണ്ണ പഞ്ചായത്തിന് അംഗീകാരം
കോഴിക്കോട്: ചെങ്കോട്ടയിൽ നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി. ശാരുതി പങ്കെടുക്കും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികയുടെ ഭാഗമായി കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ആദ്യമായി പ്രസിദ്ധീകരിച്ച റാങ്കിംഗിൽ എ ഗ്രേഡ് നേടി. പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സിൽ മികച്ച ഭരണം വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഒന്നാമതുമെത്തി. ഇവയാണ് ഒളവണ്ണയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്താണിത്. ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവുമധികം ഹൗസ് കണക്ഷൻ നൽകിയ പഞ്ചായത്താണ്. സ്ത്രീ -ബാല സുരക്ഷ ഉറപ്പാക്കിയതിന് സംസ്ഥാന ജാഗ്രതാ സമിതി പുരസ്കാരവും നേടി. ലൈഫ് മിഷൻ- പി.എം.എ.വൈ പദ്ധതി നടത്തിപ്പിൽ ജില്ലയിൽ ഒന്നാം സ്ഥാനം, ശുചിത്വ മിഷൻ അവാർഡുകൾ, സംസ്ഥാനത്തെ മികച്ച അങ്കണവാടിയ്ക്കുള്ള പുരസ്‌കാരം, സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് തുടങ്ങിയ നേട്ടങ്ങളുമുണ്ടാക്കി. കേരളത്തിൽ നിന്ന് ആറ് പഞ്ചായത്തുകൾക്ക് മാത്രമാണ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സൂചികയുടെ ഭാഗമായുള്ള റാങ്കിംഗിൽ എ ഗ്രേഡ് നേടാൻ സാധിച്ചത്.
- വലിയ നേട്ടം
22ാം വയസിലാണ് കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്തായ ഒളവണ്ണയുടെ പ്രസിഡന്റായി ശാരുതി ചുമതലയേൽക്കുന്നത്. കേന്ദ്ര സംസ്ഥാന പദ്ധതികളും അവയുടെ ചുവടുപിടിച്ച് നൂതന ആശയങ്ങളിലൂടെയുള്ള ഒട്ടനവധി പുതിയ പദ്ധതികളും നടപ്പാക്കാൻ ശാരുതിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതിയ്ക്ക് സാധിച്ചു.