അക്രമം തടയാൻ: അടിയും തടയുമായി പൊലീസ് മോക്ഡ്രിൽ
കൊല്ലം: സമയം ഇന്നലെ രാവിലെ 8.30. ഒരുകൂട്ടം ആളുകൾ കുറുവടിയേന്തി മുദ്രാവാക്യം വിളിച്ച് ആശ്രാമം മൈതാനത്തേക്ക്. മുന്നറിയിപ്പുമായി പൊലീസും. ഇത് അവഗണിച്ച് അക്രമാസക്തരായ സംഘം കല്ലും വടികളുമായി പൊലീസിന് നേരെ ആഞ്ഞടുത്തു. ഇതോടെ പൊലീസിന്റെ വക ടിയർ ഗ്യാസും ഗ്രനേഡ് പ്രയോഗവും. അടങ്ങാതിരുന്നവർക്ക് ലാത്തിയും മറുപടി നൽകി. ഒടുവിൽ സ്ഥിതി നിയന്ത്രണവിധേയമല്ലാതായതോടെ തോക്ക് തീ തുപ്പി.
നിലത്തേക്ക് വീണയാളെ പ്രാഥമിക ചികിത്സ നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക്. ഇതിനിടയിൽ കോലം കത്തിച്ചപ്പോഴുണ്ടായ തീ ഫയർഫോഴ്സ് അണച്ചു. ആശ്രാമം മൈതാനത്ത് നടന്ന ഏറ്റുമുട്ടലും പുകച്ചുരുളുകളും കണ്ടുനിന്നവരെ ആദ്യം പരിഭ്രാന്തരാക്കിയെങ്കിലും പിന്നീട് മനസിലായി മോക്ഡ്രില്ലായിരുന്നുവെന്ന്.
സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കലാപങ്ങൾ അടക്കമുള്ള സാഹചര്യങ്ങളെ നേരിടാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതത്. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ നേതൃത്വം നൽകി. ചാത്തന്നൂർ, കരുനാഗപ്പള്ളി, എഴുകോൺ സബ് ഡിവിഷനുകളിലെയും എ.ആർ ക്യാമ്പിലെയും 46 ഉദ്യോഗസ്ഥർ പങ്കെടുത്തു. നാഷണൽ പൊലീസ് അക്കാഡമിയിൽനിന്ന് വിരമിച്ച ഡ്രിൽ ഇൻസ്ട്രക്ടർ കെ.എൻ.സോമനും കേരള പൊലീസ് അക്കാഡമിയിൽ നിന്നുള്ള വിദഗ്ദ്ധ പരിശീലകരുമാണ് മോക്ക് ഡ്രിൽ നയിച്ചത്. ഒരുമണിക്കൂറിന് ശേഷമാണ് മോക്ക് ഡ്രിൽ പൂർത്തിയായത്.
കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി.നിർമ്മൽകുമാർ, സബ് കളക്ടർ നിഷാന്ത് സിഹാര, അഡിഷണൽ കമ്മിഷണർ സക്കറിയ മാത്യു, എ.സി.പി എസ്.ഷെരീഫ്, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രദീപ് കുമാർ, കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന, നാർക്കോട്ടിക് സെൽ എ.സി.പി ജയചന്ദ്രൻ, ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.