അനധികൃത ബാനറുകൾ ഉടൻ നീക്കും 'പോസ്റ്റർ ഫ്രീ' കോഴിക്കോടിനായി കോർ‌പ്പറേഷൻ

Saturday 09 August 2025 12:18 AM IST
FLEXX

കോഴിക്കോട്: ഹൈക്കോടതി നിർദ്ദേശങ്ങൾ കാറ്റിൽപറത്തി നടപ്പാതകളിലടക്കം ഇടംപിടിച്ച അനധികൃത ഫ്ലക്‌സ് ബോർഡുകൾ, ബാനറുകൾ എന്നിവ നീക്കി പോസ്റ്റർ ഫ്രീ കോഴിക്കോടിനായി കോർപ്പറേഷൻ. പദ്ധതി പ്രകാരം കോ‌ർപ്പറേഷന്റെ ഉടമസ്ഥതയിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലുമുള്ള അനധികൃത ഫ്ലക്‌സ് ബോർഡുകളും ബാനറുകളും മാറ്റി ഡിജിറ്റൽ ബോർഡുകൾ പ്രദർശിപ്പിക്കും. ഇത് സംബന്ധിച്ച് താത്പര്യപത്രം ക്ഷണിച്ചതിൽ കൂടുതൽ തുക സമർപ്പിച്ച സ്ഥാപനത്തെ കണ്ടെത്തുകയും സ്ക്വയർഫീറ്റിന് 110 രൂപ എന്ന നിരക്കിൽ തുക കൗൺസിൽ അംഗീകരിക്കുകയും ചെയ്തു.

ഉടൻ നീക്കും

കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും അപകടമുണ്ടാക്കുന്ന വിധത്തിൽ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ, ഫുട്പാത്തുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലെക്സ് ബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ എന്നിവ 16 നുള്ളിൽ പൂർണമായി നീക്കം ചെയ്യും. ഇത് സംബന്ധിച്ച് അനധികൃതമായും സുരക്ഷിതമല്ലാതെയും പ്രവർത്തിക്കുന്നവർക്ക് അത് നീക്കം ചെയ്യാനുള്ള അറിയിപ്പ് നൽകി. 16 ന് ശേഷം കോർപ്പറേഷൻ റവന്യൂവിഭാഗം, ടൗൺ പ്ലാനിംഗ് തുടങ്ങിയവർ സംയുക്തമായി പരിശോധന നടത്തും. അനധികൃത ബോർഡ് സ്ഥാപിച്ചവർക്കെതിരെ പിഴ ചുമത്തി കേസെടുക്കും. അനുമതിയോടെ സ്ഥാപിച്ചതും പരിപാടി കഴിഞ്ഞതുമായ എല്ലാ ബോർഡുകളും ബാനറുകളും നീക്കും.

രാഷ്ട്രീയ പാർട്ടികളുടെയും പോഷക സംഘടനകളുടെയും ഫ്ലെക്സ് ബോർഡുകളാണ് അധികവും. സമരങ്ങൾക്കും സമ്മേളനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥാപിച്ച ബോർഡുകളൊന്നും ഇതുവരെ നീക്കം ചെയ്തിട്ടില്ല. നടപ്പാതയിലും റോഡിലും അലക്ഷ്യമായി തള്ളിയിരിക്കുന്ന ബാനറുകൾ മൂലം കാൽനടക്കാരും പ്രയാസപ്പെടുന്ന സ്ഥിതിയുണ്ട്.

'' അനധികൃതവും സുരക്ഷിതമല്ലാതയും പ്രവർത്തിക്കുന്ന ഹോ‌ർഡിംഗുകൾ 16 ന് ശേഷം നഗരത്തിലുണ്ടാവില്ല''

സി.പി മുസാഫർ അഹമ്മദ്

ഡെപ്യൂട്ടി മേയർ