മെഡി.കോളേജ് പി.എം.എസ്.എസ്.വെെ കെട്ടിടം ഒരാഴ്ചയ്ക്കുള്ളിൽ തുറക്കും

Saturday 09 August 2025 12:20 AM IST
MED

കോഴിക്കോട്: പാളിച്ചകൾ പരിഹരിച്ച് തീയും പുകയും ഭീതി പടർത്തിയ മെഡി.കോളേജിലെ പി.എം.എസ്.എസ്.വെെ കെട്ടിടം ഒരാഴ്ചയ്ക്കുള്ളിൽ തുറക്കാൻ നീക്കം. അടച്ചിട്ട കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ പൂ‌ർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ ഫയർ എൻ.ഒ.സി പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ചില സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനാൽ അനുമതി നിഷേധിച്ചിരുന്നു. ഇവയും പരിഹരിച്ച് എത്രയും പെട്ടെന്ന് തന്നെ കെട്ടിടം തുറക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വയറിംഗ് അടക്കമുള്ള സങ്കേതിക തകരാറുകൾ പരിഹരിച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റേയും കളക്ടറുടേയും ആരോഗ്യമന്ത്രിയുടേയും അനുമതി ലഭിച്ചാൽ മാത്രമേ കെട്ടിടം പ്രവർത്തനം പുനരാരംഭിക്കാനാവൂ. നിലവിൽ ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ് ചൂണ്ടിക്കാണിച്ച 90 ശതമാനത്തിലധികം പ്രവർത്തനങ്ങളും പൂർത്തീകരിച്ചിട്ടുണ്ടെന്ന് മെഡി.കോളേജ് അധികൃതർ പറഞ്ഞു.

പ്രവൃത്തി അതിവേഗം

നിർമാണ കമ്പനിയായ എച്ച്.എൽ.എൽ ഇൻഫ്രാസ്ട്രെക്‌ചറിന്റെ വിഭാഗമായ ഹൈറ്റ്സാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. കെട്ടിടത്തിലെ തീ പടർന്ന എം.ആർ.ഐ യൂണിറ്റിന്റെ യു.പി.എസ് ബാറ്ററികളെല്ലാം മാറ്റി. അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. സി.സി.ടി.വികൾ സ്ഥാപിച്ചു. പൊളിഞ്ഞ വാതിലുകളും ലെെറ്റുകളും മാറ്റി. മറ്റ് നിലകളിലുള്ള യു.പി.എസ് ബാറ്ററികളെല്ലാം മാറ്റിയിട്ടുണ്ട്. ഓരോ നിലയിലേയും വയറിംഗുമായുള്ള പ്രശ്നങ്ങളും മറ്റും പരിശോധന നടത്തി. രണ്ടാമത് തീ പടർന്ന കെട്ടിടത്തിന്റെ ആറാം നിലയിലെ ഓപ്പറേഷൻ വിഭാഗത്തിലും അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഷോർട്ട് സർക്യൂട്ടുണ്ടായ അനസ്തേഷ്യ പെന്റന്റ് ഉപകരണം മാത്രമാണ് മാറ്റാനുള്ളത്. ഇത് പുറത്ത് നിന്നെത്തണം. തീപിടിച്ച് കത്തി നശിച്ച ബെഡുകളും കിടക്കകളും മറ്റും മാറ്റിയിട്ടുണ്ട്. നേരത്തേ ഓരോ വിഭാഗത്തിലുമായി ട്രയൽ റൺ നടത്തിയിരുന്നു. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കളക്ടറുടെ നിർദേശപ്രകാരം മോക്‌ഡില്ലും പരിശീലനവും ആരംഭിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേന, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വിഭാഗങ്ങളാണ് മോക്ഡില്ലിനും ബോധവത്ക്കരണ ക്ലാസിനും നേത്യത്വം നൽകുന്നത്.

മേയ് രണ്ടിനായിരുന്നു കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് മുറിയിൽ തീയും പുകയും പടർന്നത്. പിന്നാലെ മേയ് ആറിന് വീണ്ടും ഭീതിയുയർത്തി കെട്ടിടത്തിലെ ആറാം നിലയിലെ ഓപറേഷൻ തിയറ്ററിലും തീപിടിത്തമുണ്ടായി.

'' വെെദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് പൂർണമായും അനുമതി നൽകിയിട്ടില്ല. ചില കാര്യങ്ങൾ പരിഹരിക്കേണ്ടതായുണ്ട്. പരിശോധന നടത്തും''

ജ്യോതിഷ്

ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ