'മിഥുന്റെ വീട്, എന്റെയും' ശിലാസ്ഥാപനം 10ന്

Saturday 09 August 2025 12:28 AM IST

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി എം.മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സാണ് വീട് നിർമ്മിച്ച് നൽകുന്നത്. 'മിഥുന്റെ വീട്, എന്റെയും' എന്ന് പേരിട്ട് നടത്തുന്ന ഭവന നിർമ്മാണത്തിന്റെ ശിലാസ്ഥാപനം 10ന് രാവിലെ 10ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.

മന്ത്രി കെ.എൻ.ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ എന്നിവർ പങ്കെടുക്കും. സാമ്പത്തിക സഹായതിതനൊപ്പം മിഥുന്റെ കുടുംബത്തിൽ നിന്ന് ഒരാൾക്ക് സ്കൂളിൽ ജോലിയടക്കം മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

വാക്ക് പാലിച്ച് മന്ത്രി

ജൂലായ് 17ന് രാവിലെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വച്ച് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ഒരുവീടിന്റെ പ്രതീക്ഷയായിരുന്ന കുട്ടി അപ്രതീക്ഷിതമായി ഷോക്കേറ്റ് മരിച്ചതിന്റെ ഞെട്ടൽ ചെറുതായിരുന്നില്ല. നാടിന്റെ നോവായി മിഥുൻ മാറിയപ്പോൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് മിഥുന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്. പടി. കല്ലട വിളന്തറയിൽ മിഥുന്റെ നിലവിലെ പഴയ വീടുള്ള ഭൂമിയിലായാണ് പുതിയ വീടൊരുങ്ങുക.

നൽകിയ സഹായം

കെ.എസ്.ടി.എ ₹ 11.10 ലക്ഷം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ₹ 10 ലക്ഷം

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പി.ഡി അക്കൗണ്ടിൽ നിന്ന് ₹ 3 ലക്ഷം

വൈദ്യുതി ബോർഡ് ₹ 5

സ്കൂൾ മാനേജ്മെന്റ് ₹10