ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം: ഒന്നരമാസത്തിനകം ഗുരുദേവ ശില്പം

Saturday 09 August 2025 12:31 AM IST

കൊല്ലം: കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഒന്നരമാസത്തിനകം ഗുരുദേവന്റെ വെങ്കല ശില്പം സ്ഥാപിക്കും. പ്രമുഖ ശില്പി ഉണ്ണി കാനായി ഗുരുദേവ ശില്പത്തിന്റെ അന്തിമഘട്ട നിർമ്മാണത്തിലാണ്. വരാനിരിക്കുന്ന മഹാസമാധി ദിനത്തിന് മുമ്പ് ശില്പം സ്ഥാപിക്കാനാണ് ആലോചന.

പല ഭാഗങ്ങളായി ശില്പത്തിന്റെ വെങ്കലത്തിന്റെ വാർപ്പ് ഏകദേശം പൂർത്തിയായി. ഇനി ഇവ പരസ്പരം ഘടിപ്പിച്ച് പോളിഷ് ചെയ്യുന്ന ജോലിയാണ് അവശേഷിക്കുന്നത്. ഉറപ്പിക്കാനായി ശില്പത്തിനുള്ളിൽ പലയിടങ്ങളിലും സ്റ്റീൽ കമ്പികളും ഘടിപ്പിക്കേണ്ടതുണ്ട്. പ്രത്യേക സംവിധാനങ്ങളുള്ള ലോറിയിലാകും ശില്പം കൊല്ലത്തേക്ക് കൊണ്ടുവരിക. സമുച്ചത്തിന്റെ പ്രധാന വാതിലിന് സമീപം പീഠത്തിൽ ഗുരുദേവ ശില്പം സ്ഥാപിക്കാനായിരുന്നു നേരത്തേയുള്ള ആലോചന. സമുച്ചയത്തിനുള്ളിൽ വരുമ്പോൾ തന്നെ കാണാൻ കഴിയുന്ന തരത്തിൽ പുറത്ത് സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഉണ്ണി കാനായിയുടെ കണ്ണൂർ പയ്യന്നൂരിലെ വീട്ടിലാണ് നിർമ്മാണം നടക്കുന്നത്.

മിഴികളിൽ അനുഗ്രഹഭാവം

 ധ്യാനത്തിൽ നിന്നുണർന്ന് മിഴികളാൽ അനുഗ്രഹം ചൊരിയുന്ന ഗുരുദേവ ശില്പം

 വെങ്കല പ്രതിമ സ്ഥാപിക്കുമെന്നത് സർക്കാർ പ്രഖ്യാപനം  ഉദ്ഘാടന വേളയിൽ സ്ഥാപിച്ചത് ഗുരുദേവനുമായി സാദൃശ്യമില്ലാത്ത പ്രതിമ

 വിമർശനം ഉയർന്നതോടെ പ്രതിമ നീക്കി

തൂക്കം

800 കിലോ

(ഏകദേശം)

നിർമ്മാണം ആരംഭിച്ചത്

8 മാസം മുമ്പ്

ഗുരുദേവ ശില്പ നിർമ്മാണം അന്തിമഘട്ടത്തിലാണ്. നിർദ്ദേശം ലഭിക്കുന്നതിന് പിന്നാലെ ശില്പം കൊല്ലത്ത് എത്തിക്കും.

ഉണ്ണി കാനായി