ഡി.സി.സി പുനഃസംഘടന: വീണ്ടും കേരളത്തിൽ ചർച്ച

Saturday 09 August 2025 1:32 AM IST

തിരുവനന്തപുരം: ചില എം.പിമാരുടെ കടും പിടിത്തം മൂലം ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പുനഃസംഘടനയിൽ അന്തിമ തീരുമാനമായില്ല. മൂന്ന് ദിവസങ്ങളിലായി ഡൽഹിയിൽ നടന്ന ചർച്ചകളുടെ തുടർച്ച ഇനി തിരുവനന്തപുരത്ത് നടക്കും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ചില ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്രുന്നതിൽ എം.പിമാർ ഉടക്കിട്ടത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഷാഫിപറമ്പിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. എം.പിമാരൊഴികെയുള്ള നേതാക്കൾ ഇന്നലെ തിരിച്ചെത്തി. മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരുൾപ്പെടെ മുതിർന്ന നേതാക്കളുമായി വീണ്ടും ചർച്ച നടത്തി ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പട്ടിക അന്തിമമാക്കാനാണ് നീക്കം.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ കാര്യത്തിൽ സമവായമായിട്ടില്ലെങ്കിലും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിൽ തുടരുമെന്ന് കേൾക്കുന്നു. കൊല്ലത്ത് സി.ആർ.മഹേഷ് എം.എൽ.എയ്ക്കും ആലപ്പുഴയിൽ ബി.ബൈജുവിനുമാണ് സാദ്ധ്യതയെന്നറിയുന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ഡി.സി.സി അദ്ധ്യക്ഷന്മാർക്ക് മാറ്റമുണ്ടാവില്ലെന്ന് ഉറപ്പായി. ഇതോടൊപ്പം കെ.പി.സി.സി പുനഃസംഘടനയും ചർച്ചാ വിഷയമായിട്ടുണ്ട്. ജംബോ കമ്മിറ്റി വേണ്ടെന്ന അഭിപ്രായം ഹൈക്കമാൻഡ് പ്രകടിപ്പിച്ചതിനാൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടായേക്കില്ല. സെക്രട്ടറിമാരുടെ എണ്ണവും പരിമിതപ്പെടുത്തും. മറ്റ് പരിഗണനകൾ വിട്ട് പ്രവർത്തന മികവിന് ഊന്നൽ നൽകാനാണ് എ.ഐ.സി.സി നിർദ്ദേശം.