നഖംവെട്ടാതെ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയതിന് അധിക്ഷേപം: കേസ് റദ്ദാക്കി

Saturday 09 August 2025 1:36 AM IST

കൊച്ചി: നഖംവെട്ടാതെ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ വനിതയോട് മോശമായി സംസാരിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. നെടുമങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.അനസ് മുഹമ്മദിനെതിരെ പൊലീസ് രജിസ്റ്റർചെയ്ത കേസും നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയിലെ തുടർനടപടികളും ജസ്റ്റിസ് ജി.ഗിരീഷിന്റെ ബെഞ്ച് റദ്ദാക്കി. ഓടുന്ന വാഹനത്തിൽ നടന്ന സംഭവം പൊതുസ്ഥലത്തെ അശ്ലീല പ്രയോഗമായി കണക്കാക്കാനാകില്ലെന്നും സാന്ദർഭികമായി ഉപയോഗിച്ച മോശം വാക്കുകൾ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമാകില്ലെന്നും വ്യക്തമാക്കി.

2022 ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം. കാറിന്റെ റോഡ് ടെസ്റ്റിനിടെ, നഖം നീട്ടിവളർത്തിയതിന് ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചെന്നായിരുന്നു വനിതയുടെ പരാതി. പല സ്ത്രീകളും കുളിക്കാതെയും പല്ലുതേയ്ക്കാതെയും നഖംവെട്ടാതെയും ടെസ്റ്റിന് വരുന്നുവെന്ന് പറഞ്ഞതായാണ് ആരോപണം. തുടർന്ന് പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബാധകമായ വകുപ്പുകൾ പ്രകാരം കേസെടുത്താണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയ സാഹചര്യത്തിലാണ് അനസ് ഹൈക്കോടതിയെ സമീപിച്ചത്.

പരാമർശം നടത്തിയെങ്കിലും അത് വാഹനത്തിൽ വച്ചായതിനാൽ പൊതുജനത്തെ ദുഷിപ്പിക്കുന്ന നടപടിയാകില്ലെന്ന് കോടതി പറഞ്ഞു. മോശം ഭാഷാപ്രയോഗം സ്ത്രീത്വത്തെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തുന്നതല്ലെങ്കിൽ കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരി ആരോപിക്കുന്ന പരാമർശങ്ങൾ ലൈംഗികച്ചുവയുള്ളതല്ലെന്ന് വിലയിരുത്തിയാണ് കേസ് റദ്ദാക്കിയത്.