ത്രിവർണം,​ കഥകളി ഗ്രാഫിക്സ് :കിടുക്കാച്ചി ലുക്കിൽ ട്രാൻ. സ്ലീപ്പർ ബസ്

Saturday 09 August 2025 2:24 AM IST

തിരുവനന്തപുരം: ദേശീയ പതാകയുടെ ത്രിവർണം. പിന്നിൽ കൂറ്റൻ കഥകളി ചിത്രം. കെ.എസ്.ആർ.ടി.സിയുടെ അടിപൊളി ബസ് നോക്കി നിന്നു പോകും. സ്ലീപ്പർ കം സീറ്റർ ഗരു‌ഡ ബസ് അന്തർ സംസ്ഥാന സർവീസിനാണ്. ആദ്യത്തേത് 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ബംഗളൂരുവിൽ അശോക് ലൈലാൻഡിന്റെ ബോഡി നിർമ്മാണ കേന്ദ്രമായ പ്രകാശിൽ അവസാന മിനുക്കു പണിയും കഴിഞ്ഞു. 10 ബസുകളാണ് കെ.എസ്.ആർ.ടി.സി വാങ്ങുക.

കെ.എസ്.ആർ.ടി.സി പുറത്തുവിട്ട ബസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതുപോലേ വിവിധ വർണങ്ങളും ചിത്രങ്ങളുമുള്ള ടൂറിസ്റ്റ് ബസ് മൂന്നു വർഷം മുമ്പ് വിലക്കിയിരുന്നു. വെള്ള നിറം. നടുവിൽ വയലറ്റ്,​ ഗോൾഡ് ലൈൻ എന്ന ഏകീകരണവും നടപ്പാക്കി. വർണങ്ങളും ഗ്രാഫിക്സും മറ്റു വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധ തെറ്റിച്ച് അപകടം വരുത്തുന്നെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു നടപടി. നിയമം എല്ലാവർക്കും ബാധകല്ലേയെന്നാണ് ഉയരുന്ന കമന്റുകൾ.