വീണ്ടും വിനായകൻ, മാപ്പിനു പിന്നാലെ മാദ്ധ്യമ പ്രവർത്തകയ്ക്ക് തെറി

Saturday 09 August 2025 2:36 AM IST

കൊച്ചി: യേശുദാസിനും അടൂർ ഗോപാലകൃഷ്ണനുമെതിരായ അശ്ളീല ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച്,​ 'മാപ്പ്" പറഞ്ഞതിനു പിന്നാലെ വാർത്താചാനൽ അവതാരകയ്ക്കെതിരെ തെറി അഭിഷേകവുമായി നടൻ വിനായകൻ. യേശുദാസിനും അടൂരിനും എതിരെയുള്ള വി​നായകന്റെ പോസ്റ്റിനെ വിമർശിച്ച് ചാനലി​ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രോഗ്രാം സംപ്രേഷണം ചെയ്തതി​ന് പി​ന്നാലെ വെള്ളി​യാഴ്ച 12നു മുമ്പ് മറുപടി​ പറയുമെന്ന് വി​നായകൻ പ്രതി​കരി​ച്ചിരുന്നു. തുടർന്ന് തന്റെ പി​താവ് രചി​ച്ച 'പുലയന്റെ മകനോട്‌ പുലയാണ് പോലും" എന്ന തെറി​വാക്കുകളുള്ള കവി​ത അവതാരക പോസ്റ്റുചെയ്തു. ആ കവി​തയി​ലെ പദങ്ങൾതന്നെ കൂടുതലായി​ ഉപയോഗി​ച്ചാണ് അവതാരകയ്ക്കെതിരെ​ നടൻ പ്രതി​കരി​ച്ചത്.

പട്ടി​കജാതി​, വർഗ വി​ഭാഗക്കാർക്കും വനി​തകൾക്കും സി​നി​മാ നി​ർമ്മാണത്തി​നുള്ള പദ്ധതി​യി​ൽ 1.5 കോടി​ നൽകുംമുമ്പ് അവർക്ക് പരി​ശീലനം നൽകണമെന്ന അടൂരി​ന്റെ പരാമർശമാണ് വി​നായകനെ ചൊടി​പ്പി​ച്ചത്. യേശുദാസി​നെയും അടൂരി​നെയും കഠി​നമായി​ വി​മർശി​ച്ചതി​നെതി​രെ വലി​യ പ്രതി​കരണമുണ്ടായപ്പോൾ പോസ്റ്റ് പി​ൻവലി​ച്ചു. പിന്നാലെ 'സോറി" എന്നെഴുതിയ പോസ്റ്റും ഇട്ടിരുന്നു.

വിമർശിച്ച് ഗായകൻ ജി​.വേണുഗോപാൽ

വി​നായകനെ പരോക്ഷമായി​ വി​മർശി​ച്ച് ഗായകൻ ജി​.വേണുഗോപാൽ. ''യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല. യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്റെ സുവർണസംഗീത കാലഘട്ടം പിറന്നുവീണത് എന്ന് മറക്കാതി​രിക്കുക. അത്യുന്നതങ്ങളിൽ അംബേദ്കർ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, നാരായണ ഗുരു ഇവർക്ക് മഹത്വം. ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം"". വേണുഗോപാൽ ഫേസ്ബുക്കി​ൽ കുറി​ച്ചു.