വോട്ടർ പട്ടികയിൽ കൃത്രിമം ഇല്ലെന്ന് കമ്മിഷൻ

Saturday 09 August 2025 2:44 AM IST

ന്യൂഡൽഹി: കർണാടകയിലെ വോട്ടറെ മഹാരാഷ്ട‌്ര, യു.പി സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലും കണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദിത്യ ശ്രീവാസ്തവ, വിശാൽ സിംഗ് എന്നിവർ വാരണാസി, ലഖ്‌നൗ നിയമസഭാ മണ്ഡലങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന അവകാശവാദമാണ് ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവദീപ് റിൻവ തള്ളിയത്.

പരിശോധനയിൽ പരാമർശിച്ച പേരുകൾ മണ്ഡലങ്ങളിലെ വോട്ടർമാരായി ഉൾപ്പെടുത്തിയിട്ടില്ല. ആദിത്യ ശ്രീവാസ്തവയും വിശാൽ സിംഗും കർണാടക മഹാദേവ പുരയിലെ വോട്ടർമാരാണെന്നും കമ്മിഷൻ വ്യക്തമാക്കി. രാഹുൽ ചൂണ്ടിക്കാട്ടിയതുപോലെ ലഖ്‌നൗ ഈസ്റ്റിലോ വാരണാസി കാന്റ് മണ്ഡലങ്ങളിലോ അവരുടെ പേരുകൾ കാണുന്നില്ല. രാഹുൽ പത്രസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാപരമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നവദീപ് റിൻവയുടെ വിശദീകരണം യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ടു.