എടാ മോനേ, ഇക്കൊല്ലവും കൊല്ലം പൊളിയാണ്...!
പുതിയ സീസണിലും കിരീട പ്രതീക്ഷയോടെ നിലവിലെ കെ.സി.എൽ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്‌സ്
തിരുവനന്തപുരം : ഗ്രൂപ്പ് റൗണ്ടിലെ 10 കളികളിൽ എട്ടിലും ജയം. സെമിയിലും ഫൈനലിലും ജ്വലിച്ചുയർന്ന നായകൻ സച്ചിൻ ബേബിയുടെ പൂഴിക്കടകൻ ബാറ്റിംഗ് ഡൈനമിറ്റുകൾ. ആരാലും പ്രതീക്ഷിക്കാതെവന്ന് കപ്പുമായി പോയ കൊല്ലത്തിന്റെ കപ്പിത്താന്മാർ. അതേ, കഴിഞ്ഞകൊല്ലം കെ.സി.എല്ലിൽ കൊല്ലം സെയ്‌ലേഴ്സിന്റെ അശ്വമേധമായിരുന്നു... തങ്ങളുടെ ടീം മുദ്രാവാക്യം പോലെ ഇക്കൊല്ലവും, കൊല്ലം പൊളിയല്ലേ എന്ന ചോദ്യവുമായാണ് ഏരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം സെയ്‌ലേഴ്‌സ് കളത്തിലിറങ്ങുന്നത്.
കേരളത്തെ രഞ്ജി ട്രോഫി ഫൈനലിൽ വരെയെത്തിച്ച് ചരിത്രം കുറിച്ച ക്യാപ്ടൻ സച്ചിൻ ബേബിയാണ് ഇക്കുറിയും കൊല്ലം സെയ്‌ലേഴ്സിന്റെ കപ്പിത്താൻ. കഴിഞ്ഞ കെ.സി.എൽ സെമിയിൽ തൃശൂർ ടൈറ്റാൻസിനെതിരെ 49 പന്തുകളിൽ ഏഴുഫോറും നാലുസിക്സുമടക്കം പുറത്താകാതെ നേടിയ 83 റൺസും ഫൈനലിൽ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെതിരെ 54 പന്തുകളിൽ എട്ടുഫോറും ഏഴു സിക്സുകളും പറത്തി നേടിയ ചേസിംഗ്സെഞ്ച്വറിയും (105 നോട്ടൗട്ട്) സച്ചിൻ ബേബിയെന്ന നായകന്റെ കിരീടത്തിലെ പൊൻതൂവലുകളായിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 528 റൺസുമായി സച്ചിൻ ബേബി തന്നെയായിരുന്നു ടൂർണമെന്റിലെ ടോപ് സ്കോററും. ഈ സീസണിലും പഴയഫോം നിലനിറുത്താനുള്ള ശ്രമത്തിലാണ് സച്ചിൻ ബേബി.
നായകനുൾപ്പടെ ആദ്യ സീസണിലെ 11 താരങ്ങളെ ഈ സീസണിലും സെയ്‌ലേഴ്സ് ഒപ്പംകൂട്ടിയിട്ടുണ്ട്. സച്ചിൻ ബേബി, എൻ.എം. ഷറഫുദ്ദീൻ , ബിജു നാരായണൻ, അഭിഷേക് ജെ. നായർ എന്നിവരെയാണ് ലേലത്തിന് മുമ്പ് ടീമിൽ നിലനിറുത്തിയത്. ഈ സീസണിൽ താരലേലത്തിലൂടെ ടീമിലെത്തിയവരിൽ ശ്രദ്ധേയൻ വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദാണ്. കഴിഞ്ഞസീസണിൽ തൃശൂർ ടൈറ്റാൻസിനായി 438 റൺസടിച്ച് റൺവേട്ടയിൽ മൂന്നാമതെത്തിയിരുന്ന വിഷ്ണുവിനെ 12.8 ലക്ഷം രൂപയ്ക്കാണ് കൊല്ലം കൊത്തിയെടുത്ത് വൈസ് ക്യാപ്ടനാക്കിയിരിക്കുന്നത്. ആദ്യ സീസണിലെ ഏറ്റവും വിലയേറിയ താരം അഖിൽ എം.എസും ഇത്തവണ കൊല്ലം ടീമിന്റെ ഭാഗമാണ്.
കഴിഞ്ഞസീസണിൽ ചാമ്പ്യന്മാരാക്കിയ കോച്ച് വി.എ ജഗദീഷ് കെ.സി.എ സെലക്ടറായതിനാൽ ഇപ്പോൾ ടീമിനൊപ്പമില്ല. മോനിഷ് സതീഷാണ് ഈ സീസണിൽ മുഖ്യ പരിശീലകൻ. നിഖിലേഷ് സുരേന്ദ്രനാണ് അസിസ്റ്റന്റ് കോച്ച്. വീഡിയോ അനലിസ്റ്റ് ആരോൺ ജോർജ് തോമസ്,ട്രെയിനർ സഞ്ജു സതീഷ്,ചീഫ് ഫിസിയോ ഡോ. ആഷ്‌ലി ടോമി,, മാസ്യോർ വിജേഷ് തുടങ്ങിയവരാണ് സപ്പോർട്ടിംഗ് സ്റ്റാഫിലുള്ളത്.ടീം മാനേജർ അജീഷ്. ഹോളിവുഡ് സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയ് ആണ് ടീമുടമ.
കൊല്ലം സെയ്‌ലേഴ്സ് ടീം :
സച്ചിൻ ബേബി(ക്യാപ്ടൻ), വിഷ്ണു വിനോദ്(വൈസ് ക്യാപ്ടൻ), അഖിൽ എം.എസ്, എൻ.എം. ഷറഫുദ്ദീൻ , ബിജു നാരായണൻ, അഭിഷേക് ജെ. നായർ,വത്സൽ ഗോവിന്ദ് , ഏദൻ ആപ്പിൾ ടോം , പവൻ രാജ്,വിജയ് വിശ്വനാഥ്, അമൽ എ.ജി, അതുൽജിത്ത്,രാഹുൽ ശർമ്മ, ആഷിക് മുഹമ്മദ് , ജോസ് പേരയിൽ . എൻ.എസ്. അജയഘോഷ്, സച്ചിൻ.പി.എസ്, ഭരത് സൂര്യ.
പരിശീലനം ഇന്നുമുതൽ
കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ പരിശീലന ക്യാമ്പ് ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. തുമ്പ സ്റ്റേഡിയത്തിലാണ് ക്യാമ്പ്.
ആദ്യമത്സരം
Vs കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്
ഓഗസ്റ്റ് 21 ഉച്ചയ്ക്ക് 2.45 മുതൽ
കേരളത്തിലെ ചെറുപ്പക്കാരുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് ചിറക് പകരുകയാണ് സെയ്‌ലേഴ്സിന്റെ ലക്ഷ്യം. ഐ.പി.എല്ലിലേക്കുള്ള ചവിട്ടുപടിയായി കെ.സി.എൽ മാറും.
- ഡോ. എൻ. പ്രഭിരാജ്,
കൊല്ലം സെയ്‌ലേഴ്സ് സി.ഇ.ഒ