'വാർത്താസമ്മേളനത്തിനിടെ ഫോൺ വിളിച്ച ഉന്നതൻ ഞാനാണ്': വിശദീകരണവുമായി ഡിഎംഇ

Saturday 09 August 2025 10:21 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് മറുപടിയായി പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താ സമ്മേളനം നടത്തുന്നതിനിടെ അവരെ ഫോൺവിളിച്ച അജ്ഞാതൻ താനാണെന്ന് വെളിപ്പെടുത്തി ഡിഎംഇ ഡോ. വിശ്വനാഥൻ രംഗത്തെത്തി. വിദഗ്ദ്ധ സമിതി റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാൽ മതിയെന്നുമാണ് നിർദ്ദേശിച്ചതെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ ഉന്നതർ നിർദേശം നൽകിയത് വിവാദമായതിനുപിന്നാലെയാണ് വിശദീകരണവുമായി ഡിഎംഇ രംഗത്തെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് നിർദ്ദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൂപ്രണ്ടിന്റെ ഫോണിലേക്ക് വിളിയെത്തിയതും അന്വേഷണ റിപ്പോർട്ട് പൂർണമായും വായിക്കാൻ നിർദ്ദേശിച്ചതും. ഇക്കാര്യം സൂപ്രണ്ട് പ്രിൻസിപ്പലിനോട് പറഞ്ഞതോടെ പ്രിൻസിപ്പൽ റിപ്പോർട്ട് വായിക്കുകയും ചെയ്തിരുന്നു.

അതിനിടെ, കാണാതെപോയെന്ന് ആരോഗ്യമന്ത്രി ആരോപിച്ച ഉപകരണം ഡോ. ഹാരിസ് പിന്നീട് വാങ്ങി രഹസ്യമായി കൊണ്ടുവച്ചെന്ന് വരുത്തിത്തീർക്കാനുള്ള അധികൃതരുടെ പദ്ധതി മണിക്കൂറുകൾക്കകം പൊളിഞ്ഞു. ഇതുമായി ബന്ധമില്ലാത്ത മറ്റൊരു ഉപകരണം നന്നാക്കാൻ എറണാകുളത്തെ സ്ഥാപനത്തിലേക്ക് അയച്ചതാണെന്നും രണ്ടു ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടതിനാൽ തിരിച്ചുകൊണ്ടു വന്നതാണെന്നും ഡോ. ഹാരിസിന്റെ വിശദീകരണം പിന്നാലെ വന്നു. ഇതു ശരിവച്ചുകൊണ്ട് എറണാകുളത്തെ ക്യാപ്സൂൾ ഗ്ളോബൽ സൊല്യൂഷൻസ് പ്രതികരിക്കുകയും ചെയ്തതോടെ തിരക്കഥ അപ്പാടെ പൊളിഞ്ഞു.

ഡോ. ഹാരിസിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ പുതിയ മോസിലോസ്ക്കോപ്പ് വാങ്ങിയതിന്റെ ബില്ല് കണ്ടെത്തിയെന്നായിരുന്നു പ്രിൻസിപ്പൽ പി.കെ.ജബ്ബാറും സൂപ്രണ്ട് ഡോ. സുനിൽ കുമാറും വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. അന്വേഷിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു.അവധിയിൽ പോയ ഹാരിസിന്റെ മുറി തുറന്ന് മൂന്നുവട്ടം പരിശോധന നടത്തി. ആദ്യ രണ്ടുതവണയും കാണാതിരുന്ന ഉപകരണം കഴിഞ്ഞ ദിവസം പെട്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത് കൊണ്ടുവയ്ക്കുന്നയാളുടെ ദൃശ്യങ്ങൾ സി.സി ടിവിയിൽ അവ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു.