ജുവലറിയിൽ രണ്ടുവയസുകാരിയെ മറന്നുവച്ചു, അമ്മയ്‌ക്ക് ഓർമവന്നത് വീട്ടിലെത്തിയ ശേഷം; ചെന്നുനോക്കിയപ്പോൾ കുട്ടിയില്ല, പിന്നെ നടന്നത്
വിമാനത്താവളത്തിലും ബസിലുമൊക്കെവച്ച് അമ്മ കുട്ടികളെ മറന്നുവച്ചതായിട്ടുള്ള നിരവധി സംഭവങ്ങൾ മുമ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അക്കൂട്ടത്തിലേക്ക് ഇതാ ഒന്നുകൂടി. രണ്ട് വയസുകാരിയെ ജുവലറിയിൽ മറന്നുവച്ചിരിക്കുകയാണ് ഒരമ്മ. കർണാടകയിലെ ഹാസനിൽ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്.
ഗാന്ധിബസാറിലെ ജുവലറിയിലാണ് യുവതി കുട്ടിയേയും കൂട്ടി എത്തിയത്. മകളെ റിസപ്ഷനിലിരുത്തി യുവതി സ്വർണം തിരഞ്ഞെടുക്കാൻ തുടങ്ങി. പിന്നീട് മകൾ കൂടെയുള്ള കാര്യം ഓർക്കാതെ വീട്ടിലേക്ക് പോകുകയും ചെയ്തു. വീട്ടിലെത്തിയശേഷമാണ് കുട്ടി കൂടെയില്ലെന്ന് മനസിലായത്.
തുടർന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയാകട്ടെ കുറേ നേരം കഴിഞ്ഞും അമ്മയെ കാണാതായതോടെ ജുവലറിയിൽ നിന്നിറങ്ങി കരച്ചിൽ തുടങ്ങി. ഇതുകണ്ട് ഒരു വീട്ടമ്മ കുട്ടിയുടെ അടുത്തെത്തി സമാധാനിപ്പിച്ച് ഭക്ഷണം വാങ്ങിക്കൊടുത്തു.
ഈ സമയം ജുവലറിയിലെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കുട്ടിയെ ആ സ്ത്രീ തട്ടിക്കൊണ്ടുപോയതാകാമെന്നും കരുതി. തുടർന്ന് നഗരത്തിൽ സ്ത്രീക്കും കുട്ടിയ്ക്കുമായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. എന്നാൽ ഈ സ്ത്രീയാകട്ടെ ഭക്ഷണം വാങ്ങി നൽകിയ ശേഷം കുട്ടിയെ പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇതോടെ തെരച്ചിൽ അവസാനിപ്പിക്കുകയും കുട്ടിയെ മാതാവിന് കൈമാറുകയും ചെയ്‌തു. കുഞ്ഞിനെ നന്നായി ശ്രദ്ധിക്കണമെന്നും ഇനി ഇത്തരത്തിലുള്ള അബദ്ധങ്ങൾ കാണിക്കരുതെന്നും നിർദേശം നൽകിയ ശേഷമാണ് കുഞ്ഞിനെ രക്ഷിതാക്കൾക്ക് നൽകിയത്.