വയനാട്ടിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ രണ്ടര കോടിയുടെ വെട്ടിപ്പ്; ഉദ്യോഗസ്ഥരെ പഴിചാരി ഭരണസമിതി

Saturday 09 August 2025 11:09 AM IST

കൽപ്പറ്റ: വയനാട്ടിൽ തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തൽ. തൊണ്ടർനാട് പഞ്ചായത്തിലാണ് വൻ വെട്ടിപ്പ് നടന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ടര കോടി രൂപയുടെ അഴിമതിയാണ് നടന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ചെലവ് പെരുപ്പിച്ചും ഇല്ലാത്ത പദ്ധതിയുടെ പേരിലുമാണ് വെട്ടിപ്പ് നടത്തിയത്.

സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് അഴിമതി നടന്നത്. സംഭവത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. അഴിമതി നടത്തിയ വെട്ടിച്ച തുക ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. മുൻ വർഷങ്ങളിലെ ചെലവുകൾ പരിശോധിച്ചുവരികയാണ്. അഴിമതിയുടെ രേഖകളും പുറത്തുവന്നിട്ടുണ്ട്.

കോഴിക്കൂട് വിതരണം, കിണർ നിർമാണം തുടങ്ങിയ വിവിധ പദ്ധതികൾക്ക് കീഴിൽ പഞ്ചായത്ത് ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. തുടർന്നാണ് വിവിധ പദ്ധതികളുടെ പേരിലും ഇല്ലാത്ത പദ്ധതികളുടെ പേരിലും കോടികളുടെ വെട്ടിപ്പ് നടത്തിയത്.

അതേസമയം, രണ്ട് ഉദ്യോഗസ്ഥർ ചേർന്നാണ് അഴിമതി നടത്തിയതെന്നാണ് തൊണ്ടർനാട് പഞ്ചായത്ത് ഭരണസമിതി പറയുന്നത്. ഭരണസമിതിക്ക് ഒരു പങ്കുമില്ലെന്നും അവർ പറഞ്ഞു. എന്നാൽ, പഞ്ചായത്ത് ഭരണസമിതിയുടെ അറിവില്ലാതെ ഇത്രയും വലിയ അഴിമതി നടത്താൻ സാധിക്കില്ലെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥരാണ് അഴിമതി നടത്തിയതെന്നും യുഡിഎഫ് ആരോപിച്ചു. സംഭവത്തിന് പിന്നാലെ രണ്ട് ജീവനക്കാർ ഒളിവിൽ പോയി. ഒരു ജീവനക്കാരൻ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. ഇഡി അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.