ട്രെയിൻ യാത്രക്കാർ സൂക്ഷിച്ചാൽ തടി കേടാകാതെ 'രക്ഷപ്പെടാം', ആർപിഎഫ് കണ്ടഭാവം നടിക്കുന്നില്ല; പരാതി

Saturday 09 August 2025 11:10 AM IST

കണ്ണൂർ: സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ഭിക്ഷാടന മാഫിയ സജീവമാകുന്നതായി റിപ്പോർട്ട്. യാത്രക്കാരെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയും ഇത്തരം സംഘങ്ങൾ യാത്രക്കാരിൽ നിന്നും പണം വാങ്ങുകയാണ്. സ്ത്രീകളെയും കുട്ടികളെയുമാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. വ്യാജ രേഖ ചമച്ച് ചികിത്സ സഹായം തേടുന്ന സംഘവും ഇക്കൂട്ടത്തിലുണ്ട്. റെയിൽവെ സുരക്ഷാസേന ഇവരെ കണ്ടാലും കണ്ടഭാവം നടിക്കുന്നില്ലെന്ന പരാതിയും യാത്രക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

തെക്കൻ കേരളത്തിലാണ് നേരത്തെ വ്യാജരേഖ ചമച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമായി ഉണ്ടായിരുന്നത്. ഒരു യുവതി റെയിൽവെ പൊലീസിന്റെ പിടിയിലായതോടെ ഈ സംഘം വടക്കൻ കേരളത്തിലെ ട്രെയിനുകളിലേക്ക് ചേക്കേറി. പിതാവ് ക്യാൻസർ രോഗിയാണെന്നും അമ്മയ്ക്ക് മാനസിക പ്രശ്നമാണെന്നും ഈ യുവതി രേഖയിൽ പറയുന്നുണ്ടായിരുന്നു. കുടംബത്തെ രക്ഷിക്കാൻ പണം നൽകി സഹായിക്കണമെന്നാണ് ഇവർ യാത്രക്കാരോട് ആവശ്യപ്പെട്ടത്. എന്നാൽ റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് മരിച്ചെന്ന് കണ്ടെത്തി.

ആഴ്ചയിൽ 20,000 രൂപ മുതൽ 40,000 രൂപ വരെ ഇവർ ട്രെയിനിൽ നിന്ന് പിരിച്ചെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തെക്കൻ കേരളം വിട്ട ഇത്തരത്തിലുള്ള സംഘം ഇപ്പോൾ മംഗളൂരുവിനും കണ്ണൂരിനും ഇടയിലും കോഴിക്കോടും കണ്ണൂരും ഇടയിൽ ഓടുന്ന ട്രെയിനുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതരസംസ്ഥാനത്തുള്ള സംഘമാണ് ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കുന്നത്. നാണയത്തുട്ടുകൾ മാറ്റിയെടുക്കുന്നതിനും താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇവർ സഹായം ലഭ്യമാക്കുന്നുണ്ട്.