ഹോക്കി ടർഫ് ഉദ്ഘാടനം ഉടൻ ദേശീയ ചാമ്പ്യൻഷിപ്പിന് എറണാകുളം വേദിയാകും

Sunday 10 August 2025 12:04 AM IST
എറണാകുളം ഹോക്കി ടർഫ്

 സന്നദ്ധത അറിയിച്ച് കേരള ഹോക്കി

കൊച്ചി: ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് വേദിയാകാൻ ഒരുങ്ങി എറണാകുളം സിന്തറ്റിക്ക് ഹോക്കി ടർഫ്. ചാമ്പ്യൻഷിപ്പിന് അതിഥേയത്വം വഹിക്കാൻ കേരളം സന്നദ്ധമാണെന്ന് ഇന്ത്യൻ ഹോക്കിയെ കേരള ഹോക്കി അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന വാർഷിക ജനറൽ കൗൺസിലിലായിരുന്നു തീരുമാനം. എറണാകുളം ഹോക്കി ടർഫിലെ ആദ്യ ചാമ്പ്യൻഷിപ്പ് വർണാഭമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ഹോക്കി.

നിർമ്മാണം പൂർത്തിയായി മാസം മൂന്ന് പിന്നിട്ടെങ്കിലും ടർഫിന്റെ ഉദ്ഘാടനം നീളുന്നതിൽ ഹോക്കി പ്രേമികൾ നിരാശരാണ്. ദേശീയ ചാമ്പ്യൻഷിപ്പിന് ഉടൻ തീയതി കുറിക്കുന്നതോടെ ഉദ്ഘാടനവും വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷ. ചാമ്പ്യൻഷിപ്പിൽ 33 ടീമുകൾ മാറ്റുരയ്ക്കും. ടർഫിന്റെ പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 40ലക്ഷം രൂപ കൂടി ഇതിനായി നീക്കിവച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നൂലാമാലകളാണ് ഉദ്ഘാടനം വൈകാൻ കാരണമെന്നാണ് അറിയുന്നത്. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ (ഐ.എച്ച്.എഫ് ) മാനദണ്ഡം പാലിച്ച് 9.51 കോടി മുടക്കിയാണ് ടർഫ് നിർമ്മിച്ചത്. മേയിൽ നിർമ്മാണം പൂർത്തിയായി. 2024 മേയിലാണ് ടർഫ് നിർമ്മാണത്തിന് ധാരണയായത്. തിരുവനന്തപുരം ജി.വി. രാജ സ്റ്റേഡിയം, കൊല്ലം ഹോക്കി സ്റ്റേഡിയം എന്നിവയാണ് കേരളത്തിലെ മറ്റ് സിന്തറ്റിക്ക് ഹോക്കി ടർഫുകൾ. ഇവിടെയാണ് ബഹുഭൂരിഭാഗം ചാമ്പ്യൻഷിപ്പുകളും നടക്കുന്നത്.

സിന്തറ്റിക് ടർഫ് സജ്ജമായതോടെ കൂടുതൽ ചാമ്പ്യൻഷിപ്പുകൾക്കും എറണാകുളം വേദിയാകും. താമസ സൗകര്യത്തിനടക്കം സാദ്ധ്യതകൾ ഏറെയുള്ളതും അനുകൂലമാണ്. ഗ്യാലറിയില്ലെന്നതാണ് ഒരേയൊരു പോരായ്മ. ചാമ്പ്യൻഷിപ്പുകൾക്ക് താത്കാലിക ഗ്യാലറി നിർമ്മിക്കേണ്ടിവരും. സ്ഥിരം ഗ്യാലറിക്കുള്ള സാദ്ധ്യത തേടുന്നുണ്ടെങ്കിലും സ്ഥലപരിമിതിയാണ് വെല്ലുവിളി.

 ശ്രീജേഷിന്റെ പേര് നൽകണം: കേരള ഹോക്കി

എറണാകുളം സിന്തറ്രിക് ഹോക്കി ടർഫിന് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന്റെ പേര് നൽകണമെന്ന് കേരള ഹോക്കി. ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിനെ അറിയിച്ചതായും കേരള ഹോക്കി ഭാരവാഹികൾ കേരളകൗമുദിയോട് പറഞ്ഞു. മഹാരാജാസ് കോളേജിന് കീഴിലാണ് ടർഫ്. പേര് നൽകുന്നതിൽ തീരുമാനമെടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പും കോളേജുമാണ്. ശ്രീജേഷിന്റെ പേരുനൽകി അദ്ദേഹത്തെ തന്നെ ഉദ്ഘാടകനാക്കണമെന്ന ആവശ്യം ഹോക്കി പ്രേമികൾ ഉയർത്തുന്നുണ്ട്.