'അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകൾ വരണം, അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല'
കൊച്ചി: നടി ശ്വേത മേനോനെതിരായ കേസിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. പത്രത്തിൽ പേര് വരാനുള്ള നീക്കമാണ് ഈ കേസെന്നും അദ്ദേഹം ആരോപിച്ചു. അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'അമ്മ' സ്ത്രീകൾക്കെതിരായ സംഘടനയാണെന്ന ധാരണ മാറാൻ സ്ത്രീകൾ അധികാരത്തിലേക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
'അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകൾ വരണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾക്കെതിരായ സംഘടന എന്ന പരിവേഷം അമ്മയ്ക്കുണ്ടായിരുന്നു. അത് മാറ്റാൻ സ്ത്രീകൾ അധികാരത്തിലേക്ക് എത്തേണ്ടതുണ്ട്. അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല. സ്ത്രീകൾ അധികാര സ്ഥാനത്തേക്ക് എത്തുമ്പോൾ ഇങ്ങനെ ഉണ്ടാകാറുണ്ട്. കുക്കു പരമേശ്വരന് എതിരെ ഉയർന്ന ആരോപണത്തെക്കുറിച്ചോ മെമ്മറി കാർഡിനെ കുറിച്ചോ അറിയില്ല. കുക്കു ഭരണസമിതി അംഗമല്ല. പിന്നെ അവരെങ്ങനെ മെമ്മറി കാർഡ് കെെകാര്യം ചെയ്യും. ഇപ്പോൾ ഇത്തരം ഒരു ആരോപണം ഉന്നയിച്ചതിന് പിന്നിൽ ദുരുദ്ദേശം ഉണ്ടാകും. മെമ്മറി കാർഡിനെ പറ്റി ആദ്യമായാണ് കേൾക്കുന്നത്. അമ്മ തിരഞ്ഞെടുപ്പിൽ സമയം കിട്ടിയാൽ വോട്ട് ചെയ്യും'- ഗണേഷ് കൂട്ടിച്ചേർത്തു.
അതേസമയം, ശ്വേത മേനോന് എതിരായ കേസ് ഹെെക്കോടതി പൂർണമായും സ്റ്റേ ചെയ്തിരുന്നു. എറണാകുളം സിജെഎം കോടതിയുടെ ഇടക്കാല ഉത്തരവ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതി കേസിലെ തുടർനടപടികൾ പൂർണമായും തടയുകയായിരുന്നു. എഫ് ഐ ആർ സ്റ്റേ ചെയ്യുകയും ചെയ്തു. സിജെഎം കോടതിയിലെ മജിസ്ട്രേട്ടിൽ നിന്ന് റിപ്പോർട്ടും തേടിയിട്ടുണ്ട്. പൊലീസിനും പരാതിക്കാരനും ഹൈക്കോടതി നോട്ടീസയയ്ക്കുകയും ചെയ്തു.
പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശ്വേതാ മേനോൻ നേരത്തെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അശ്ലീല രംഗങ്ങളാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. സെൻസർ ചെയ്ത് ഇറങ്ങിയ രതിനിർവേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിര പരാതിയിലുണ്ടായിരുന്നു. പരാതിയിൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഈ പരാതിയിലെ അന്വേഷണം സംബന്ധിച്ച് പൊലീസിന്റെ റിപ്പോർട്ട് തേടാതെയാണ് കേസെടുക്കാൻ സിജെഎം കോടതി ഉത്തരവിട്ടത്. ഇത് നിയമപ്രകാരമല്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.