ഭൂമി നാച്ചുറൽസ് 'ജോയിറ്റ' ബ്രാൻഡ് ഭക്ഷ്യോത്‌പന്നങ്ങൾ വിപണിയിൽ
കൊച്ചി: മൂല്യവർദ്ധിത സുഗന്ധവ്യഞ്ജന ഉത്പന്ന നിർമ്മാണ രംഗത്തെ മുൻനിരക്കാരായ ഭൂമി നാച്ചുറൽസ് ഭക്ഷ്യോത്പ്പന്ന വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. സൂപ്പർ ഗ്രെയിൻസ് പട്ടികയിലുള്ള ഭക്ഷ്യ ധാന്യങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ 'ജോയിറ്റ' എന്ന ബ്രാൻഡിലാണ് വിപണിയിൽ എത്തുന്നത്. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭൂമി നാച്ചുറൽസ് മാനേജിംഗ് ഡയറക്ടർ കെ. ജയചന്ദ്രൻ, കമ്മ്യൂണിക്കേഷൻ മന്ത്ര മാനേജിംഗ് ഡയറക്ടർ എ.ടി രാജീവ് എന്നിവർ ചേർന്നാണ് ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചത്. ഭൂമി നാച്ചുറൽസ് ബിസിനസ് ഹെഡ് നിഷ അരുൺ, ഫിനാൻസ് ഹെഡ് കെ.എൻ രാജേഷ് എന്നിവരും പങ്കെടുത്തു.
ആദ്യഘട്ടത്തിൽ റെഡി ടു കുക്ക് രീതിയിൽ മില്ലെറ്റ് ദോശ, മില്ലെറ്റ് ഉപ്പുമാവ്, മില്ലെറ്റ് പുട്ട്, മ്യൂസ്‌ലി ഉത്‌പന്നങ്ങൾ ഉൾപ്പെടെയുള്ളവയാണ് 'ജോയിറ്റ' യിൽ ഉള്ളത്. ആധുനിക ലോകത്തെ ജീവിത രീതിയിൽ ആരോഗ്യ സംരക്ഷണത്തിന് ധാന്യങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. 'സൂപ്പർ ഗ്രെയിൻസ്' എന്നറിയപ്പെടുന്ന ചെറുധാന്യങ്ങൾ കേരളത്തിലെ കുടുംബങ്ങളുടെ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയെന്നതാണ് ഭൂമി നാച്ചുറൽസ് ലക്ഷ്യമിടുന്നത്.
മണിച്ചോളം, ബജ്‌റ, ചാമ, പനിവരക് , റാഗി, തിന, ബ്രൗൺ ടോപ്പ് മില്ലെറ്റ് എന്നിങ്ങനെയുള്ള ഏറ്റവും പോഷക സമ്പുഷ്ടമായ ധാന്യങ്ങളാണ് ജോയിറ്റ ബ്രാന്‍ഡിൽ വിപണിയിൽ ഇറക്കിയത്. പരമ്പരാഗതമായ ഭക്ഷ്യ ധാന്യങ്ങളെ ആധുനിക സൗകര്യങ്ങളുമായി സമന്വയിപ്പിച്ച് കൂടുതൽ പോഷക സമൃദ്ധമായ രീതിയിൽ തീൻമേശയിൽ എത്തിക്കുകയാണ് ലക്ഷ്യം.
പ്രഭാത ഭക്ഷണം എന്നതിനപ്പുറം പ്രകൃതി സൗഹൃദ ഭക്ഷണ സംസ്‌കാരത്തിലേക്കും ആരോഗ്യ സംരക്ഷണത്തിലേക്കും മാറുന്നതിന്റെ ആദ്യ ചുവടാണിതെന്ന് ഭൂമി നാച്ചുറൽസിന്റെ മാനേജിംഗ് ഡയറക്ടർ കെ. ജയചന്ദ്രൻ പറഞ്ഞു. പരസ്യ മേഖലയിലെ പ്രമുഖ സ്ഥാപനമായ കൊച്ചിയിലെ കമ്മ്യൂണിക്കേഷന്‍ മന്ത്രയുടെ മാർക്കറ്റിംഗ് പങ്കാളിത്തത്തോടെയാണ് ജോയിറ്റ പുറത്തിറക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണശീലം വളർത്തുകയാണ് ജോയിറ്റയിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മ്യൂണിക്കേഷൻ മന്ത്ര മാനേജിംഗ് ഡയറക്ടർ എ.ടി രാജീവ് പറഞ്ഞു.