 ശബരി റെയിൽ -- ഉപാധിയില്ലാതെ പകുതി ചെലവ് വഹിച്ചേക്കും

Sunday 10 August 2025 12:00 AM IST

തിരുവനന്തപുരം: ആറു വർഷമായി മരവിച്ചുകിടക്കുന്ന ശബരിറെയിൽ പാത നിർമ്മാണത്തിന് സംസ്ഥാനം ഉപാധികളില്ലാതെ പകുതിച്ചെലവ് പങ്കിട്ടേക്കും. സ്വന്തം ചെലവിൽ കേരളം ഭൂമിയേറ്റെടുത്താൽ 111 കിലോമീറ്റർ പാത നിർമ്മിക്കാമെന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്.

ആകെവേണ്ട 3800.93 കോടിയിൽ 1900.47കോടി കേരളം ചെലവഴിക്കണം. കിഫ്ബി വഴി ഈതുക നൽകിയാൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സർക്കാരിന്റെ ഉപാധി. ഇത് തള്ളിയിരുന്നു. പകുതിച്ചെലവ് തർക്കം വഴിമുടക്കിയാവരുതെന്ന് കേരളകൗമുദി കഴിഞ്ഞ 31ന് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു.

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416 ഹെക്ടറോളം ഏറ്റെടുക്കാൻ 1400 കോടി മുടക്കേണ്ടിവരും. എറണാകുളത്ത് 152ഹെക്ടറിൽ 24.4 ഹെക്ടർ ഏറ്റെടുത്തിട്ടുണ്ട്. ഇടുക്കിയിൽ വേണ്ട മുഴുവൻ ഭൂമിയും കോട്ടയത്തെ 2 വില്ലേജുകളിൽ ഏറ്റെടുക്കേണ്ടതും കല്ലിട്ട് തിരിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിന് സംസ്ഥാനം മുടക്കുന്ന തുക പദ്ധതി വിഹിതമായി കണക്കാക്കും.

പകുതിച്ചെലവിന് ഉപാധിവയ്ക്കാനും കേന്ദ്രംആവശ്യപ്പെട്ട റെയിൽവേ-റിസർവ്ബാങ്ക്-സംസ്ഥാനം ത്രികക്ഷി കരാർ ഒപ്പിടേണ്ടെന്നും നേരത്തേ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. നിലപാട് മാറ്റവും മന്ത്രിസഭയാണ് അംഗീകരിക്കേണ്ടത്. സംസ്ഥാന വിഹിതം ഗഡുക്കളായി റെയിൽവേയ്ക്ക് നൽകുമെന്ന ഉറപ്പിനാണ് ത്രികക്ഷികരാർ. വിഹിതത്തിന്റെ സിംഹഭാഹവും ഭൂമിയേറ്റെടുക്കലിന് കേരളം മുടക്കുന്നതിനാൽ കരാറിന് കേന്ദ്രം ഇനി നിർബന്ധം പിടിക്കാനിടയില്ല.

ഉഴപ്പിയാൽ തിരഞ്ഞെടുപ്പിൽ

തിരിച്ചടിക്കും

 ഇടുക്കിയിലേക്ക് ട്രെയിനെത്തിക്കുന്ന ശബരിപാതയ്ക്ക് കേന്ദ്രം അനുകൂലമായിട്ടും സംസ്ഥാനം ഉടക്കിട്ടാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ

 പുനലൂരിലേക്ക് നീട്ടി തമിഴ്നാട്ടിലേക്ക് കണക്ടിവിറ്റിക്കും, വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനും സാധിക്കുന്ന ശബരിപ്പാത മദ്ധ്യകേരളം വരെ വ്യാപാര-വാണിജ്യ ഇടനാഴിയാകും

 1997ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയിൽ ഏഴുകിലോമീറ്റർ ട്രാക്കും കാലടി റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകെ പാലവും പണിതു

ഇനിവേണ്ടത്

1 പദ്ധതി മരവിപ്പിച്ച് 2019സെപ്തംബറിൽ റെയിൽവേ ഇറക്കിയ ഉത്തരവ് റദ്ദാക്കണം

2 ഭൂമിയേറ്റെടുക്കലിനുള്ള പ്രത്യേക റവന്യൂയൂണിറ്റുകൾ പുനരാരംഭിക്കണം

3 പദ്ധതിനടത്തിപ്പിന് സ്പെഷ്യൽ ഓഫീസറെ നിയമിച്ച് ഉത്തരവിറക്കണം