മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി ഐ.സി.ഐ.സി.ഐ ബാങ്ക്

Sunday 10 August 2025 12:35 AM IST

കൊച്ചി: പുതുതായി തുറക്കുന്ന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ ശരാശരി പ്രതിമാസ മിനിമം ബാലൻസ് തുക 10,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്താൻ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് തീരുമാനിച്ചു. ആഗസ്‌റ്റ് ഒന്ന് മുതൽ ബാങ്കിന്റെ മെട്രോ, അർബൻ മേഖലകളിലെ എല്ലാ ശാഖകളിലും ആരംഭിക്കുന്ന സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് തുക ബാധകമാകും. സെമി അർബൻ മേഖലകളിലെ ബാങ്ക് ശാഖകളിൽ മിനിമം ബാലൻസ് 5,000 രൂപയിൽ നിന്ന് 25,000 രൂപയായും വർദ്ധിപ്പിച്ചു. ഗ്രാമീണ ശാഖകളിൽ മിനിമം ബാലൻസ് 2,500 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തി.

മിനിമം ബാലൻസ് പാലിക്കാത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴത്തുക ഈടാക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് തീരുമാനം കനത്ത സാമ്പത്തിക പ്രത്യാഘാതം സൃഷ്‌ടിക്കും. കുറവുള്ള തുകയുടെ ആറ് ശതമാനമാണ് പിഴ ഈടാക്കുകയെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് വ്യക്തമാക്കി. എന്നാൽ പരമാവധി ചുമത്തുന്ന പിഴ 500 രൂപ വരെയാണ്.

ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ ശക്തമായ വിമർശനമാണ് ഇതോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഉപഭോക്താക്കളോടുള്ള പകൽ കൊള്ളയാണെന്ന് വിമർശനങ്ങളിൽ പറയുന്നു. റിസർവ് ബാങ്ക് വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.